വിശപ്പുകൊണ്ടാണ് സാറേ…! ക്ഷേത്രത്തിലെ കാണിക്ക ഉരുളിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവിന് രക്ഷകരായത് പോലീസുകാര്‍; 20 രൂപ എടുത്തയാളെ പോലീസ് മടക്കിയയച്ചത് 500 രൂപ കൊടുത്ത്; സംഭവമിങ്ങനെ

അടുത്തകാലത്ത് വിശപ്പു സഹിക്കവയ്യാതെ കടയില്‍ നിന്ന് അരി മോഷ്ടിച്ച ആദിവാസി യുവാവിനെ ഏതാനും യുവാക്കള്‍ ചേര്‍ന്ന് തല്ലിക്കൊന്ന സംഭവം ഞെട്ടലോടെയാണ് ഏവരും കേട്ടത.് എന്നാല്‍ മലയാളി മനസാക്ഷി തീര്‍ത്തും മരവിച്ചു പോയിട്ടില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് തൊടുപുഴയില്‍ നിന്ന് പുറത്തുവരുന്നത്. വിശപ്പടക്കാന്‍ പാടുപെട്ട യുവാവിന് പോലീസുകാര്‍ രക്ഷകരായ വാര്‍ത്തയാണത്.

സംഭവമിങ്ങനെ…യുവാവ് ക്ഷേത്രത്തിലെ കാണിക്കയിടുന്ന ഉരുളിയില്‍ നിന്ന് 20 രൂപ എടുത്തു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരത് കണ്ടു. ഉടന്‍ തന്നെ സ്ഥലത്ത് പോലീസെത്തി. അയാളെ കസ്റ്റഡിയില്‍ എടുത്തു. വിശപ്പിന്റെ വിളികൊണ്ടാണെന്ന് കരഞ്ഞുപറഞ്ഞപ്പോള്‍ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ചില സുമനസ്സുകള്‍ ചെയ്തതാണ് വാര്‍ത്തയായത്. അവര്‍ കൈയ്യിലുണ്ടായിരുന്ന 500 രൂപ കൊടുത്തിട്ട് യുവാവിനോട് പൊയ്ക്കൊള്ളാന്‍ പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് തൊടുപുഴയിലെ പ്രശസ്തമായ ക്ഷേത്രത്തിലായിരുന്നു സംഭവം.

രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയപ്പോഴാണ് ഇയാള്‍ ഉരുളിയില്‍ നിന്ന് പണം എടുത്തത്. ദിവസങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു മോനിപ്പള്ളി സ്വദേശിയായ ഈ യുവാവ്. എന്നാല്‍ പറഞ്ഞുവച്ചിരുന്ന ജോലി കിട്ടാതായപ്പോള്‍ ഗത്യന്തരമില്ലാതായി. മോനിപ്പള്ളി പോലീസ് സ്റ്റേഷനില്‍ യുവാവിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ നല്ലനടപ്പുകാരനാണെന്ന് മനസ്സിലായതിനെ തുടര്‍ന്നാണ് വിശപ്പമാറ്റാന്‍ 500 രൂപ കൊടുത്തതെന്നും തൊടുപുഴ പോലീസ് പറഞ്ഞു.

Related posts