വരും ദിവസങ്ങളില്‍ ഇന്ധനവില വന്‍തോതില്‍ കുറയാന്‍ സാധ്യത ! കാരണമിങ്ങനെ…

വരും ദിവസങ്ങളില്‍ രാജ്യത്ത് ഇന്ധനവില വലിയതോതില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അസംസ്‌കൃത എണ്ണ വില കുറഞ്ഞുവരികയാണ്.

ഇതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ എണ്ണവിതരണ കമ്പനികള്‍ തയ്യാറാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ രാജ്യത്ത് ഇന്ധനവില പരമാവധിയില്‍ എത്തിനില്‍ക്കുകയാണ്.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യം ഉന്നയിക്കുന്നുണ്ട്.

നിലവില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 63 ഡോളര്‍ എന്ന നിലയിലാണ്. ബാരലിന് 70 ഡോളര്‍ എന്ന നിലവാരത്തിലേക്ക് അടുത്തിടെ ഉയര്‍ന്നിരുന്നു.

ഇതില്‍ നിന്നാണ് ഇപ്പോള്‍ വില താഴ്ന്നത്. ഇതിന്റെ ആനുകൂല്യം എണ്ണവിതരണ കമ്പനികള്‍ ജനങ്ങളിലേക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പെട്രോളിന് 18 പൈസയും ഡീസലിന് 17 പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ധനവില കുറയുന്നത്.

വരും ദിവസങ്ങളിലും ഇതേ രീതി തുടരാനാണ് സാധ്യത. ഒപ്പെക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്നാണ് അസംസ്‌കൃത എണ്ണ വില ഉയര്‍ന്നത്.

എന്നാല്‍ കോവിഡ് കേസുകള്‍ യൂറോപ്പിലും ലോകത്തിന്റെ മറ്റുഭാഗങ്ങളിലും വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ എണ്ണ ആവശ്യകത കുറയുമെന്നാണ് വിലയിരുത്തല്‍. ഇതും എണ്ണവില കുറയ്ക്കാന്‍ എണ്ണവിതരണ കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്നാണ് വിവരം.

Related posts

Leave a Comment