ആദ്യമായി ഒരു കോർപ്പറേറ്റ് ജോലിയിൽ പ്രവേശിച്ച ഒരു ജെൻസി യുവതിയുടെ ഓഫീസ് അനുഭവങ്ങളും പരാതികളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. നിശ്ചിത സമയത്തുള്ള ഉച്ചഭക്ഷണം, കർശനമായ ഹാജർ നിയമങ്ങൾ, കടുപ്പമേറിയ മാനേജർ എന്നിവരുമായി പൊരുത്തപ്പെടാൻ പാടുപെടുന്ന തന്റെ കസിൻ പങ്കുവെച്ച രസകരമായ അനുഭവങ്ങൾ ഷീതൽ എന്ന യുവതിയാണ് എക്സിൽ പങ്കുവെച്ചത്.
ഉച്ചഭക്ഷണം കഴിക്കാൻ അനുവദിച്ചിരിക്കുന്നത് വെറും 45 മിനിറ്റ് മാത്രമാണ്. ആ സമയത്ത് മാത്രമേ കഴിക്കാൻ പാടുള്ളൂ. അതിനുമുമ്പ് വിശന്നാൽ എന്ത് ചെയ്യുമെന്നാണ് യുവതിയുടെ ചോദ്യം.
മാസത്തിൽ ആകെ മൂന്ന് പെയ്ഡ് ലീവ് മാത്രമാണുള്ളത്. ഓഫീസ് സമയത്ത് പരമാവധി 10 മിനിറ്റ് വരെ മാത്രമാണ് വൈകാൻ അനുവാദമുള്ളത്. മുഴുവൻ സമയവും ജോലി ചെയ്യേണ്ടി വരുന്നു.
ഇതിനിടയിൽ മാനേജറുടെ പെരുമാറ്റവും യുവതിയെ വല്ലാതെ തളർത്തി. ഒരു പ്രധാന പ്രോജക്റ്റായതിനാൽ തെറ്റുകൾ വരുത്തരുത് എന്നും, വല്ലതും അറിയാത്ത പക്ഷം മറ്റുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നുമാണ് മാനേജർ പറഞ്ഞത്. എന്നാൽ ഇത് തന്നെ മാനേജർ അപമാനിച്ചതാണെന്നാണ് യുവതി കരുതിയത്.
“ഞാൻ എങ്ങനെ ഇവിടെ ജീവിക്കും? എന്റെ മാനസിക നില തകർന്നു, കണ്ണിനു ചുറ്റും കറുത്ത പാടുകൾ വന്നു തുടങ്ങി. ഞാൻ ഇതിനൊന്നും വേണ്ടിയിരുന്നില്ല സൈൻ അപ്പ് ചെയ്തത്” എന്ന കസിന്റെ വാക്കുകൾ കേട്ട് തനിക്ക് ചിരി അടക്കാനായില്ലെന്ന് ഷീതൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് വലിയ ചർച്ചയായിക്കഴിഞ്ഞു. മില്ലേനിയലുകളും മുൻ തലമുറയും ഇത്തരം ചൂഷണങ്ങൾ വർഷങ്ങളായി സഹിച്ചുവെന്നും, മാറ്റങ്ങൾ വരണമെങ്കിൽ ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ടതുണ്ടെന്നുമാണ് ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നത്. അതേസമയം, മുതിർന്ന ജീവനക്കാർക്ക് ഭക്ഷണസമയത്ത് പോലും ഇത്രയധികം നിയന്ത്രണങ്ങൾ വെക്കുന്നത് എന്തിനാണെന്ന് ചോദിച്ച് മറ്റു ചിലരും രംഗത്തെത്തിയിട്ടുണ്ട്.
