കോഴിക്കോട്: സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ സമയത്ത് ആവശ്യമായ നാപ്കിനുകൾ സ്കൂളുകളിൽനിന്നുതന്നെ ലഭ്യമാക്കുന്നതിനായി ആരംഭിച്ച ഷീ പാഡ് പദ്ധതി വൈകുന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ആറു മുതൽ പ്ളസ് ടു വരെയുള്ള ക്ളാസുകളിലെ ഒരു ലക്ഷത്തോളം പെൺകുട്ടികൾക്ക് വേണ്ടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാന വനിതാവികസന കോർപറേഷന്റെ മേൽനോട്ടത്തിൽ ആരംഭിച്ച പദ്ധതിയാണ് ഷീ പാഡ്. 2017 അധ്യയനവർഷത്തോടെ ആരംഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്.
എന്നാൽ, അധ്യയനവർഷം ആരംഭിച്ച് രണ്ടു മാസം പിന്നിട്ടിട്ടും പദ്ധതി പ്രാബല്യത്തിൽ വന്നിട്ടില്ല. പദ്ധതിയുടെ ടെൻഡർ ഏറ്റെടുത്ത കമ്പനിയുമായി ഉണ്ടായ സാങ്കേതിക തടസങ്ങളാണ് പദ്ധതി വൈകാൻ പ്രധാന കാരണം. പദ്ധതിയുടെ വിജയപരീക്ഷണാർത്ഥം പൈലറ്റ് പദ്ധതി എന്ന നിലയ്ക്ക് രണ്ട് വർഷം മുമ്പ് തിരുവനന്തപുരത്ത് നൂറ്റമ്പതോളം സ്കൂളുകളിൽ നാപ്കിൻ വെൻഡിംഗ് യന്ത്രങ്ങൾ സ്ഥാപിച്ചു.
ഇന്റിമേറ്റ് എന്ന കമ്പനിയാണ് പൈലറ്റ് പദ്ധതിയുടെ കരാർ ഏറ്റെടുത്തത്. എന്നാൽ, യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടപ്പാക്കുന്നതിൽ കമ്പനി വീഴ്ച വരുത്തിയതായി സംസ്ഥാന വനിതാവികസന കോർപറേഷൻ ചെയർപേഴ്സൺ സലീഖ ദീപികയോട് പറഞ്ഞു. മാത്രമല്ല സർക്കാർ ടെൻഡർ നൽകിയ തുകയേക്കാളും അധികം തുകയാണ് കമ്പനി ആവശ്യപ്പെട്ടത്. അതിനാൽ ടെൻഡർ മാറ്റിവിളിക്കേണ്ടിവന്നു.
ഇതുമൂലമുണ്ടായ കാലതാമസമാണ് അധ്യയനവർഷാരംഭത്തിൽ തന്നെ പദ്ധതി പ്രാബല്യത്തിൽ വരുത്താൻ സാധിക്കാതിരുന്നത്. നിലവിൽ എച്ച്എൽഎൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കേന്ദ്ര അർധസർക്കാർ സ്ഥാപനമാണ് ടെൻഡർ ഏറ്റെടുത്തിരിക്കുന്നത്. 106 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നായി ഒന്നരക്കോടിയോളം രൂപ പദ്ധതിക്കായി ലഭിച്ചുകഴിഞ്ഞു. സ്കൂളുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
നാപ്കിനുകൾ, അവ സൂക്ഷിക്കുന്നതിനുള്ള അലമാര എന്നിവയും ഒപ്പം തന്നെ വിതരണം ചെയ്യുന്നുണ്ട്. സ്കൂളിലെ പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മെഷീനുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്ത് പദ്ധതി പൂർണമായും പ്രാബല്യത്തിൽ വരുമെന്നും ചെയർപേഴ്സൺ പറഞ്ഞു. അതോടെ സ്കൂളുകളിൽ സാനിറ്ററി നാപ്കിൻയന്ത്രങ്ങൾ സ്ഥാപിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം എന്ന സ്ഥാനം കേരളത്തിന് സ്വന്തമാകും.
ഷീ പാഡ് പദ്ധതിയുടെ ലക്ഷ്യം
ആർത്തവ സമയത്ത് പെൺകുട്ടികൾക്ക് സ്കൂളിൽ ലഭിക്കാതെ പോകുന്ന വൃത്തിയുള്ള അന്തരീക്ഷം, വൃത്തിയുള്ള ശുചിമുറി സൗകര്യം, പാഡുകൾ നശിപ്പിക്കുന്നതിനുള്ള സൗകര്യം എന്നിവ കാലങ്ങളായി വിദ്യാർഥിനികൾ നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ്. ഇതിന് പരിഹാരം കാണുക, സ്കൂളുകൾ കുട്ടികൾക്ക് എല്ലാവിധ സുരക്ഷയും സഹകരണവും ഉറപ്പു വരുത്തുന്നു എന്നുള്ള ആത്മവിശ്വാസം പകരുക, വിപണിയിൽ നാപ്കിൻ പാഡുകൾക്ക് ഈടാക്കുന്ന അമിതവിലയിൽ നിന്നു കുട്ടികൾക്ക് ആശ്വാസം നൽകുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
അസഹനീയമായ ശാരീരികവേദനയ്ക്കു പുറമേയാണ് സാങ്കേതിക പ്രശ്നങ്ങൾ കുട്ടികളെ വലയ്ക്കുന്നത്. ആർത്തവത്തിന്റെ ആദ്യനാളുകളിൽ വിദ്യാർഥിനികൾക്ക് അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകളും ഇന്ന് സജീവമാണ്. കൂടാതെ പദ്ധതി നിലവിൽ വരുന്നതോടെ സാനിറ്ററി നാപ്കിനുകൾക്ക് ഈടാക്കുന്ന 18 ശതമാനം ജിഎസ്ടി യിൽ നിന്നു വിദ്യാർഥിനികൾക്ക് മോചനം ലഭിക്കുകയും ചെയ്യും.
ഉപയോക്താവിന് കുറഞ്ഞ വിലയ്ക്ക് തൽക്ഷണം സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതാണ് വെൻഡിംഗ് യന്ത്രം. ഒരു നാണയം മെഷീനിൽ നിക്ഷേപിക്കുന്നതോടെ മൂന്ന് പാഡുകൾ ഉപയോക്താവിന് ലഭിക്കും. പൂർണമായും ബാറ്ററി, സോളാർ എന്നിവയിൽ പ്രവർത്തിക്കുന്ന നാപ്കിൻ വെൻഡിംഗ് യന്ത്രങ്ങളുമുണ്ട്. ഉപയോഗശേഷം നാപ്കിനുകൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകാതെ കത്തിച്ചുകളയുന്നതിനുള്ള ഇൻസിനറേറ്ററുകളും ഇതോടൊപ്പം സ്ഥാപിക്കും. വെൻഡിംഗ് മെഷീൻ പൂർണമായും ഓട്ടോമാറ്റിക്കാണ്.