വൈകിപ്പോയി കുട്ടാ… മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെക്കൊടുത്ത് കള്ളന്‍; പക്ഷെ കള്ളനെ പൊക്കുമെന്ന് ആവര്‍ത്തിച്ച് പോലീസ്…

ഒരു വസ്തു മോഷ്ടിച്ച ശേഷമായിരിക്കും ചില കള്ളന്മാര്‍ക്ക് മാനസാന്തരം ഉണ്ടാവുക. പാലക്കാട് കപ്പൂര്‍ കാഞ്ഞിരത്താണിയിലെ ഒരു കള്ളനും ഇത്തരത്തില്‍ മാനസാന്തരം ഉണ്ടായി.

വീട്ടമ്മയുടെ മാല കവര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസാന്തരം സംഭവിച്ച കള്ളന്‍ മാല തിരികെ നല്‍കുകയായിരുന്നു. ആക്രമിച്ച് മാല കവര്‍ന്നെങ്കിലും കഴിഞ്ഞദിവസം ആരുമറിയാതെ വീട്ടില്‍ തിരികെയെത്തിക്കുകയായിരുന്നു.

കാഞ്ഞിരത്താണി വടക്കേക്കര സീനത്തിന്റെ മാലയാണ് കഴിഞ്ഞ ഒക്ടോബര്‍ 11 ന് രാത്രി മോഷണം പോയത്. തൃത്താല പൊലീസ് കള്ളനെ തിരയുന്നതിനിടയിലാണ് മോഷണം പോയ മാല തിരികെക്കിട്ടിയത്.

കഴിഞ്ഞദിവസം രാവിലെ സീനത്തിന്റെ വീട്ടിലെ ഗ്രില്ലില്‍ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ മാല കണ്ടെത്തുകയായിരുന്നു. കള്ളന്റെ നല്ല മനസിനെക്കുറിച്ച് പറയുമ്പോഴും സീനത്ത് ഇപ്പോഴും കവര്‍ച്ചയുടെ ഞെട്ടില്‍ നിന്നും കരകയറിയിട്ടില്ല.

രാത്രി കോഴിക്കൂട് അടയ്ക്കാനിറങ്ങിയ സീനത്തിന്റെ പുറകിലൂടെ തോര്‍ത്തു കൊണ്ട് മുഖം മറച്ചു വന്ന കള്ളന്‍ മാല പിടിച്ചു പറിക്കുകയായിരുന്നു.

അലറി വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ സീനത്തിന്റെ ഷാളെടുത്ത് കള്ളന്‍ അവരുടെ വായില്‍ തിരുകി. വിടില്ലെന്ന് ഉറപ്പാക്കിയ സീനത്ത് സമീപത്തുണ്ടായിരുന്ന ഇഷ്ടിക കൊണ്ട് കള്ളന്റെ തലക്കടിച്ചു.

നിമിഷ നേരം കൊണ്ട് കള്ളന്‍ ഓടി രക്ഷപ്പെട്ടു. പിടിവലിയില്‍ ഒന്നേമുക്കാല്‍പവന്‍ ഉണ്ടായിരുന്ന മാലയുടെ മുക്കാല്‍ ഭാഗവും കള്ളന്‍ കൈക്കലാക്കി.

തുടര്‍ന്ന് നാട്ടുകാരുടെ ഓടി കൂടി തിരച്ചില്‍ ആരംഭിച്ചു. എന്നാല്‍ കള്ളനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ കള്ളന്‍ തന്നെ മാല തിരികെയെത്തിക്കുകയായിരുന്നു.

മാല തിരിച്ചുകിട്ടിയെങ്കിലും മാനസാന്തരം വന്ന കള്ളനെ പിടികൂടാനുള്ള ശ്രമം തുടരുമെന്ന് തൃത്താല പൊലീസ് അറിയിച്ചു.

Related posts

Leave a Comment