കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2750 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്.
24കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 82.5ലക്ഷം രൂപയിലേക്ക് എത്തി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. 2024 ഒക്ടോബര്‍ 31 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,455 രൂപ, പവന് 59,640 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്.
നവംബര്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇലക്ഷന് വിജയത്തില്‍ 2,536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 2,750 ഡോളറിലേക്ക് കുതിച്ചെത്തുകയാണ് ഉണ്ടായത്. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള സീസണല്‍ ഡിമാന്‍ഡ്, അന്തര്‍ദേശീയ സംഘര്‍ഷങ്ങള്‍, ട്രംപിന്റെ കീഴിലുള്ള അമേരിക്കന്‍ ട്രേഡ് വാര് ടെന്‍ഷനുള്ള സാധ്യതകളും സ്വര്‍ണ വില വര്‍ധനവിന് കാരണമായി.
ഇസ്രയേല്‍-ഹമാസ് വെടി നിര്‍ത്തല്‍ സ്വര്‍ണ വിലയില്‍ കുറവ് വരുത്തേണ്ടതായിരുന്നുവെങ്കിലും ട്രംപിന്റെ വരവും ആദ്യമെടുത്ത നടപടികളെ തുടര്‍ന്നുള്ള ആശങ്കകളും അമേരിക്കന്‍ ഡോളര്‍ സൂചിക കരുത്താര്‍ജിച്ചതിനു അനുപാതികമായി രൂപയുടെ വിനിമയ നിരക്ക് 86.60 ലേക്ക് ദുര്‍ബലമായതും സ്വര്‍ണ വില വര്‍ധിക്കാനിടയാക്കി.
ട്രംപ്, ഡി ഡോളര്‍ ഐസേഷനെതിരേ ശക്തമായ നടപടികള്‍ എടുത്താല്‍ സ്വര്‍ണത്തിന് വീണ്ടും വില കയറാം. റഷ്യ, യുക്രൈന് അടക്കമുള്ള അന്തര്‍ദേശീയ സംഘര്‍ഷങ്ങളില്‍ അയവ് വന്നാല്‍ സ്വര്‍ണ വില തിരുത്തലിലും എത്താമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ വരും ദിവസങ്ങള്‍ സ്വര്‍ണ വിലയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.
സ്വന്തം ലേഖിക