കൊച്ചി: സംസ്ഥാനത്ത് സ്വര്ണവിലയില് കുതിപ്പ് തുടരുന്നു. ഇന്ന് ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് വര്ധിച്ചത്. ഇതോടെ സ്വര്ണവില ഗ്രാമിന് 9,805 രൂപയും പവന് 78,440 രൂപയായി സര്വകാല റിക്കാര്ഡില് തുടരുകയാണ്. 18 കാരറ്റ് സ്വര്ണം ഗ്രാമിന് 65 രൂപ വര്ധിച്ച് 8,050 രൂപയായി. അന്താരാഷ്ട്ര വില ട്രോയ് ഔണ്സിന് 3531 ഡോളറും രൂപയുടെ വിനിമയ നിരക്ക് 88.08 ലും ആണ്.
ഒരു കിലോ 24 കാരറ്റ് സ്വര്ണത്തിന് ബാങ്ക് നിരക്ക് ഒരു കോടി മൂന്നു ലക്ഷം രൂപയായിട്ടുണ്ട്. ഒരു പവന് സ്വര്ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില് വാങ്ങണമെങ്കില് നിലവില് 85,000 രൂപയ്ക്ക് മുകളില് നല്കണം. ഒരു ഗ്രാം സ്വര്ണത്തിന് 10,700 രൂപയാകും.ഇക്കഴിഞ്ഞ ഓഗസ്റ്റ് 22 ന് ഒരു ഗ്രാം സ്വര്ണത്തിന് 9,215 രൂപയായിരുന്നു. 12 ദിവസത്തിനുള്ളില് വില 9,805 രൂപയിലേക്ക് എത്തി.
ഭൗമരാഷ്ട്ര സംഘര്ഷങ്ങള്, താരിഫ് നിരക്ക് വര്ധന, ലോക ക്രമത്തില് വരുന്ന മാറ്റങ്ങള് എന്നിവയെല്ലാം സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണവില വര്ധനയ്ക്ക് ഇടയാക്കി. ഈ സംഘര്ഷങ്ങളെല്ലാം നിലനില്ക്കുന്നുമൂലം ഓണ്ലൈന് ട്രേഡിംഗില് വന്കിട നിക്ഷേപകര് തങ്ങളുടെ നിക്ഷേപം വിറ്റഴിക്കാതെ പിടിച്ചുവയ്ക്കുകയാണ് ചെയ്യുന്നത്.
സ്വര്ണത്തില് നിക്ഷേപിക്കാനുള്ള ആത്മവിശ്വാസം വര്ധിച്ചതോടെ 10 പേര് വിറ്റഴിച്ചാലും 100 പേര് വാങ്ങാന് ഉണ്ടെന്നുള്ളതാണ് സ്വര്ണത്തിന് ഏറ്റവും വലിയ പോസിറ്റീവ് ഘടകം. സെന്ട്രല് ബാങ്കുകള് യുഎസ് ട്രഷറി ബോണ്ടുകള് വാങ്ങാതെ സ്വര്ണം വാങ്ങുന്നതും വിലവര്ധനവിന് കാരണമായിട്ടുണ്ടെന്ന് ഓള് കേരള ഗോള്ഡ് ആന്ഡ് സില്വര് മര്ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. എസ്. അബ്ദുള് നാസര് പറഞ്ഞു.
അതേസമയം സ്വര്ണവിലയിലുള്ള റോക്കറ്റ് വില വര്ധന മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് മങ്ങലേല്പ്പിച്ചിട്ടുണ്ട്. ചിങ്ങം പിറന്നതോടെ കേരളത്തില് വിവാഹ സീസണ് ആരംഭിച്ചു കഴിഞ്ഞു. വിവാഹ പാര്ട്ടികളെയാണ് സ്വര്ണവില വര്ധന ദോഷകരമായി ബാധിച്ചിരിക്കുന്നത്.
അതോടൊപ്പം തന്നെ സംസ്ഥാനത്ത് ഓണക്കാലത്ത് നടക്കാറുള്ള ചെറിയ പര്ച്ചേസുകളെ പോലും ഉയര്ന്ന സ്വര്ണവില വര്ധന കാര്യമായി ബാധിച്ചെന്നാണ് സ്വര്ണവ്യാപാരികള് പറയുന്നത്.
- സീമ മോഹന്ലാല്