കൊച്ചി: സോഷ്യല് മീഡിയയിലെ ഇപ്പോഴത്തെ താരം ഗൂഗിള് ജെമിനിയുടെ ബനാന എ ഐ സാരി ട്രെന്ഡാണ്. സമൂഹമാധ്യമം തുറന്നാല് വിന്റേജ് സുന്ദരീ സുന്ദരന്മാരെക്കൊണ്ട് നിറയുന്ന അവസ്ഥ. എന്നാല് ട്രെന്ഡിനൊപ്പം പോകുമ്പോള് ഗൂഗിള് ജെമിനി പണി തരുമെന്നാണ് സൈബര് പോലീസിന്റെ മുന്നറിയിപ്പ്. ലൈക്കും കമന്റുമൊക്കെ കൂട്ടാനായി ശ്രമിക്കുന്നവര് അല്പമൊന്നും ശ്രദ്ധിച്ചാല് ദു:ഖിക്കേണ്ടിവരില്ലെന്നാണ് പോലീസ് മുന്നറിയിപ്പിലുള്ളത്.
ജെമിനി ആപ്പ് ഉപയോഗിച്ചാണ് ഈ ചിത്രങ്ങള് നിര്മിക്കുന്നത്. ഒരു ഫോട്ടോയും പ്രോംപ്റ്റും നല്കിയാല് വിന്റേജ് ലുക്ക്, പരമ്പരാഗത ബ്രൈഡല് ലുക്ക്, ബോളിവുഡ് സ്റ്റൈല് അങ്ങനെ ഏത് സ്റ്റൈല് വേണമെങ്കിലും നിര്മിച്ച് ഗൂഗിള് ജെമിനി നമ്മളെ ഞെട്ടിക്കും. എന്നാ ല്, ഉപയോക്താക്കള് അവരുടെ സ്വകാര്യത, ഐഡന്റിറ്റി എന്നിവ സംരക്ഷിക്കുന്നതിനും ഡിജിറ്റല് എക്സ്പോഷര് തടയുന്നതിനും വ്യക്തിഗത ഫോട്ടോകള് ഓണ്ലൈനില് അപ്ലോഡ് ചെയ്യുമ്പോള് ജാഗ്രത പാലിക്കണമെന്നാണ് സൈബര് വിദഗ്ധര് പറയുന്നത്. ഉപയോക്താക്കള് അവരുടെ ബയോമെട്രിക്ക് ഡാറ്റ നല്കുന്നതിനാല് സുരക്ഷ പ്രശ്ങ്ങള് ഉണ്ടായേക്കാം.
ബനാന ട്രെന്ഡില് സുരക്ഷാ വീഴ്ച ഉണ്ടെന്നും ചിത്രവും പ്രോംപ്റ്റും നല്കിയപ്പോള് തിരികെ ലഭിച്ച ചിത്രം കണ്ട് ഞെട്ടിയെന്നും ചൂണ്ടിക്കാട്ടി ഝലക്ഭവാനി എന്ന യുവതി ഇന്സ്റ്റാഗ്രാമില് പങ്കുവെച്ച വീഡിയോയും ഇപ്പോള് വലിയ ചര്ച്ചയായിരിക്കുകയാണ്. താന് നല്കിയ ചിത്രത്തില് മറുക് ഉണ്ടായിരുന്നില്ലെന്നും തന്റെ ശരീരത്തിലുള്ള മറുക് ജെമിനി എങ്ങനെ അറിഞ്ഞെന്നുമുള്ള യുവതിയുടെ ചോദ്യം വലിയ വിവാദങ്ങള്ക്ക് കാരണമായിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തതിന് താഴെ നിരവധിപ്പേരാണ് പ്രതികരിച്ചിരിക്കുന്നത്.
ഗൂഗിള് പ്രോഡക്റ്റായ ജെമിനി നമ്മള് നല്കുന്ന ഫോട്ടോയ്ക്കൊപ്പം മുമ്പ് നമ്മള് നല്കിയിട്ടുള്ള എല്ലാ ചിത്രങ്ങളും അനലൈസ് ചെയ്തായിരിക്കും പുതിയ ചിത്രങ്ങള് നിര്മ്മിച്ച് നല്കുന്നതെന്നാണ് ചിലരുടെ വാദം. ഇന്റര്നെറ്റില് നിന്നുള്ള ചിത്രങ്ങള് എഐ ടൂളുകള് വിശകലനം ചെയ്യുമെന്നും അത് എഐ ചിത്രങ്ങള് സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നുമുള്ള അഭിപ്രായങ്ങളും പുറത്തുവരുന്നുണ്ട്.
സ്വന്തം ലേഖിക