നാട്ടുകാരെ വിറപ്പിച്ച ‘കരിമ്പുലി’ ഒടുവില്‍ കത്തിക്കരിഞ്ഞ നിലയില്‍ ! കരിമ്പുലി ഷിബുവിന്റെ ശല്യം സഹിക്കാനാകാതെ വീടുപേക്ഷിച്ചു പോയത് നിരവധി കുടുംബങ്ങള്‍; ഗുണ്ടാ നേതാവിന്റെ മരണം കൊലപാതകമോ ?

കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ പാങ്ങോട് പരയ്ക്കാട് കോളനിയില്‍ ഷിബു(38) ക്രിമിനല്‍ സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നയാള്‍. ‘കരിമ്പുലി’ എന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.

പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും ഇയാള്‍ നിരന്തരം ശ്രമിച്ചിരുന്നു. വീടിന്റെ ചുവരിലും പെയിന്റ് കൊണ്ട് കരിമ്പുലി ഷിബു എന്ന് എഴുതി വെച്ചിരുന്നു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ശീലവും ഇയാള്‍ക്കില്ലായിരുന്നു.

പരയ്ക്കാട് കോളനിയില്‍ അഞ്ച് വീടുകള്‍ ആണ് ഉള്ളത്. ഷിബുവിനെ പേടിച്ചാണ് തങ്ങള്‍ ജീവിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു ക്ഷേത്ര മോഷണ കേസില്‍ ജയിലിലായിരുന്ന ഇയാള്‍ പുറത്തു വന്നിട്ട് ഒരു മാസം ആകുന്നതേയുള്ളൂ.

പീഡനം, കൊലപാതകം തുടങ്ങി ഷിബു കൈവക്കാത്ത ക്രിമിനല്‍ മേഖലകള്‍ ഇല്ലെന്നു തന്നെ പറയാം. ഇയാള്‍ സ്ഥലത്തുള്ളപ്പോള്‍ പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ബന്ധുക്കള്‍ ഉള്‍പ്പെടെ സമീപത്തുള്ള ആറ് വീട്ടുകാര്‍ ഇതുമൂലം സ്ഥലം ഉപേക്ഷിച്ചു പോയെന്ന് നാട്ടുകാര്‍ പറയുന്നു.

ഇവിടെ ഒഴിഞ്ഞു കിടക്കുന്ന എല്ലാ വീടുകളും അടുത്തടുത്തുള്ളവയും പണി പൂര്‍ത്തിയാകാത്തതുമാണ്. അവിടുത്തെ കുടുംബങ്ങള്‍ക്ക് വേണ്ടി ഗ്രാമപഞ്ചായത്ത് ഒരു പൊതു കിണറും നിര്‍മ്മിച്ചു നല്‍കിയിരുന്നു. വീട്ടുകാര്‍ ഒഴിഞ്ഞു പോയതോടെ ഇത് ഉപയോഗിക്കാനും ആളില്ലാതായി.

ഇയാളുടെ മരണം കൊലപാതകം തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. തലയിലെ ആഴമേറിയ മുറിവാണ് മരണ കാരണം. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവും തലക്ക് ഗുരുതര പരുക്കും കണ്ടെത്തി.

വിവിധ കേസുകളില്‍ പ്രതിയായ ഷിബു മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ മോചിതനായത് കഴിഞ്ഞ മാസമാണ്. ജയിലില്‍ നിന്നും തിരിച്ചെത്തിയ ഇയാള്‍ സുഹൃത്തുക്കളുമായി വീട്ടില്‍ ഒത്തു ചേരാറുണ്ടായിരുന്നു.

തിങ്കള്‍ രാത്രി വീട്ടില്‍ നിന്നും തീയും പുകയും ഉയരുന്നത് സമീപവാസികള്‍ ശ്രദ്ധിച്ചിരുന്നു. അന്ന് രാത്രി വൈകിയും കൂടുതല്‍ പേരുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പിടിവലികള്‍ നടന്നതായോ സംഘര്‍ഷം നടന്ന ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല. മൃതദേഹം കത്താന്‍ കാരണമായ വസ്തുക്കളും പരിശോധന സംഘത്തിനു ലഭിച്ചിരുന്നില്ല. മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം വീട്ടിലെത്തിച്ച് കത്തിച്ചതാകാനാണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണം.

കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി മൃതദേഹം കണ്ടെത്തിയ പുരയിടത്തിലെ പഞ്ചായത്ത് കിണര്‍, സമീപത്തെ പൊട്ടക്കിണര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പാങ്ങോട് പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്‍. സുനീഷിന്റെ നേതൃത്വത്തില്‍ ഇന്നലെ പരിശോധന നടത്തി. സംഭവത്തില്‍ സംശയിക്കുന്ന ചിലര്‍ പൊലീസ് നിരീക്ഷണത്തിലാണ്.

പാങ്ങോട് പുലിപ്പാറ മന്ദിരംകുന്ന് പരയ്ക്കാട് കോളനിയില്‍ പരേതനായ സുധാകരന്റെ മകന്‍ ഷിബു(38)വിനെ ഈ മാസം ഏഴിന് രാവിലെ ഇയാളുടെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ ഒറ്റയ്ക്കായിരുന്നു താമസം.

ഏഴാം തീയതി രാവിലെ 9.30ഓടെ കല്ലറ പുലിപ്പാറയില്‍ തെരുവുനായ്ക്കള്‍ ഒരു മനുഷ്യന്റെ കാല്‍ കടിച്ചുവലിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. തിങ്കളാഴ്ച്ച രാത്രി മരിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കഴിഞ്ഞ ?ദിവസം ആരും ഷിബുവിനെ കണ്ടിട്ടില്ലെന്നും ദിവസവും ഷിബു ഉള്‍പ്പെടെ മൂന്നു പേര്‍ മദ്യപിക്കാന്‍ വരുന്ന പതിവുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

Related posts

Leave a Comment