കല്യാണം കഴിഞ്ഞയുടന്‍ ഓടിയത് ആശുപത്രിയിലേക്ക് ! കല്യാണചെക്കനും പെണ്ണും വരുന്നത് കണ്ട് ഇതെന്താണ് സംഭവമെന്ന് വിചാരിച്ച് അമ്പരന്ന് ജീവനക്കാര്‍; ഷില്‍ജുവിന്റെ പ്രവൃത്തി ഏവര്‍ക്കും മാതൃക

മുക്കം: രക്തദാനം മഹാദാനമെന്നിരിക്കേ സ്വന്തം വിവാഹം കഴിഞ്ഞയുടന്‍ കതിര്‍മണ്ഡപത്തില്‍ നിന്ന് രക്ത ദാനത്തിനായി നേരെ ആശുപത്രിയിലെത്തിയ ഷില്‍ജുവിന്റെ പ്രവൃത്തിയെ മഹത്തരം എന്നേ വിശേഷപ്പിക്കാനാവൂ. കാരശ്ശേരി സര്‍ക്കാര്‍ പറമ്പ് സ്വദേശി ഷില്‍ജുവിന് എല്ലാ പിന്തുണയുമായി ഭാര്യ മലപ്പുറം വെട്ടുപാറ സ്വദേശി രേഷ്മയും ഒപ്പമുണ്ടായിരുന്നു. രേഷ്മയുടെ വീട്ടില്‍ വെച്ച് താലികെട്ടു കഴിഞ്ഞിറങ്ങുമ്പോഴാണ് കൂട്ടത്തില്‍ നിന്നാരോ രക്തം ആവശ്യമായ രോഗിയുമായി മൊബൈലില്‍ സംസാരിക്കുന്നതു ഷില്‍ജു കേട്ടത്.

കാരശ്ശേരി കക്കാട് സ്വദേശിനിയായ 21 കാരിക്കാണ് ബി പോസിറ്റീവ് രക്തം ആവശ്യമായിരുന്നത്. ഉടന്‍ തന്നെ ഷില്‍ജു രക്തദാനത്തിന് സന്നദ്ധനാവുകയായിരുന്നു. ഷില്‍ജുവിന്റെ ഈ നീക്കം ഏവരേയും അത്ഭുതപ്പെടുത്തി. വിവാഹ ദിവസം വീട്ടില്‍ പോലും പോവുന്നതിന് മുന്‍പ് തന്നെ രക്തം നല്‍കാനായി തയ്യാറായ ഷില്‍ജുവിനെ എന്റെ മുക്കം വാട്‌സ് ആപ്പ് കൂട്ടായ്മ സന്നദ്ധ സേന കണ്‍വീനര്‍ അസ്‌ക്കറും കൂട്ടുകാരും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഷില്‍ജു പിന്നോട്ടില്ലായിരുന്നു. കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ കഴിയുന്ന പാവപ്പെട്ട രോഗിയെക്കുറിച്ചായിരുന്നു ഷില്‍ജുവിന്റെ വേവലാതി.

തന്റെ ഭര്‍ത്താവിന്റെ ഈ നല്ല മനസ് തിരിച്ചറിഞ്ഞ രേഷ്മയും സുഹൃത്തുക്കളും പിന്നെ ഒട്ടും താമസിച്ചില്ല. നേരെ ആശുപത്രിയിലേക്ക്. ഭര്‍ത്താവിന്റെ ഈ നല്ല മനസില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് താനാണന്ന് ഭാര്യ രേഷ്മ പറഞു. മുഹമ്മദ് കക്കാട് എന്നയാളായിരുന്നു പാവപ്പെട്ട രോഗിക്ക് രക്തത്തിനു വേണ്ടി എന്റെ മുക്കത്തിന്റെ സഹായം തേടിയത്.

ആശുപത്രിയിലക്ക് കല്യാണ ചെക്കനും പെണ്ണും മറ്റ് നിരവധി പേരും വരുന്നത് കണ്ടപ്പോള്‍ ആശുപത്രി ജീവനക്കാരും ആദ്യമൊന്ന് അമ്പരന്നെങ്കിലും കാര്യമറിഞ്ഞപ്പോള്‍ ഏറെ സന്തോഷത്തോടെ അവരെ സ്വീകരിച്ചു. അതിനിടെ ഭാര്യ വീട്ടില്‍ നിന്ന് കല്യാണം കഴിഞ്ഞ് തിരിച്ചു പോന്ന ചെക്കനേയും പെണ്ണിനേയും കാണാതായതോടെ വീട്ടുകാര്‍ അല്‍പ്പം പരിഭ്രാന്തരായങ്കിലും കാര്യമറിഞ്ഞതോടെ അവര്‍ക്കും സന്തോഷമായി.

Related posts