കടം എഴുതി തള്ളാതെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്ന രാഹുലിന്റെ വെല്ലുവിളി ഫലം കണ്ടു! ഗുജറാത്തില്‍ 650 കോടിയുടെ വൈദ്യുതി ബില്ലുകള്‍ എഴുതിത്തള്ളി ബിജെപി സര്‍ക്കാര്‍

മൂന്ന് സംസ്ഥാനങ്ങളില്‍ അധികാരത്തിലേറിയ ഉടന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയതോടെ നില്‍ക്കകള്ളിയില്ലാതായ ബിജെപി നേതൃത്വവും ചുവട് മാറ്റി ചവിട്ടാന്‍ ഒരുങ്ങുന്നു. ഗുജറാത്തിലെ 650 കോടി രൂപ വരുന്ന വൈദ്യുത ബില്ലുകള്‍ എഴുതിതള്ളുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സൗരഭ് പട്ടേല്‍ പറഞ്ഞിരുന്നു.

ഗ്രാമങ്ങളിലെ ഗാര്‍ഹിക വൈദ്യുത ഉപഭോക്താക്കളുടെ ബില്ലുകളാണ് എഴുതിതള്ളുന്നത്. ഇത് വഴി 6,22,000 ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആനുകൂല്യം ലഭ്യമാകുമെന്ന് സൗരഭ് പട്ടേല്‍ അവകാശപ്പെട്ടു. ഈ ഉപഭോക്താക്കളുടെ കണക്ഷന്‍ വൈദ്യുതി മോഷണം, ബില്ലടയ്ക്കാതിരിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ വിച്ഛേദിച്ചിരിക്കുകയായിരുന്നു.

നേരത്തെ മധ്യപ്രദേശില്‍ അധികാരമേറ്റയുടന്‍ കമല്‍നാഥ് സര്‍ക്കാര്‍ 2 ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയിരുന്നു. ഛത്തീസ്ഗഢില്‍ 10 ദിവസത്തിനുള്ളില്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

കര്‍ഷകരുടെ വായ്പ എഴുതിത്തള്ളുംവരെ മോദിയെ ഉറങ്ങാന്‍ അനുവദിക്കില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. നാലര വര്‍ഷം ഭരിച്ചിട്ടും കര്‍ഷകരുടെ ഒരു രൂപ പോലും ഇളവു ചെയ്യാന്‍ മോദി തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു. രണ്ടുതരം ഇന്ത്യയെ മോദി സൃഷ്ടിച്ചു. ഒരുവശത്ത് കര്‍ഷകരും പാവപ്പെട്ടവരും സാധാരണക്കാരയ വ്യവസായികളും എന്നാല്‍ മറുവശത്ത് രാജ്യത്തെ 15 വ്യവസായികളാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കിട്ടിയ മിന്നുന്ന വിജയം ആദ്യത്തെ കൂട്ടം ആള്‍ക്കാരുടെ വിജയമാണെന്നും രാഹുല്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് മോദിയുടെ ഗുജറാത്തില്‍ വൈദ്യുതി ബില്ലുകള്‍ എഴുതിതള്ളിയുള്ള തീരുമാനം വന്നത്.

Related posts