പതിനെട്ടുകാരനും പത്തൊൻപതുകാരിക്കും ഒന്നിച്ച് താമസിക്കാൻ ഹൈക്കോടതി അനുമതി;  യുവതിയുടെ പിതാവ്  സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തള്ളി

കൊച്ചി: പതിനെട്ടു വയസുകാരനും പത്തൊൻപതു വയസുകാരിക്കും ഒന്നിച്ചു താമസിക്കുന്നതിന് ഒരു നിയമ തടസവുമില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നിച്ചു കഴിയുന്നതിന് നിയമ തടസമില്ലെന്ന സുപ്രീംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഹൈക്കോടതിയും നിർണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്.

തന്‍റെ മകളെ പതിനെട്ടു വയസുകാരനായ കൗമാരക്കാരൻ തടഞ്ഞുവച്ചിരിക്കുന്നുവെന്ന് പരാതിപ്പെട്ട് ആലപ്പുഴ സ്വദേശിയായ മുഹമ്മദ് റിയാസ് എന്നയാൾ സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. പ്രായപൂർത്തിയായ രണ്ടു പേർ ഒന്നിച്ചു താമസിക്കുന്നതിൽ ഇടപെടാൻ കോടതിക്ക് പരിമിധിയുണ്ട്.

ഇന്ത്യയിൽ വിവാഹത്തിന് മാത്രമേ നിലവിൽ പ്രായപരിധി നിശ്ചയിച്ചിട്ടുള്ളൂ. പ്രായപൂർത്തിയായ രണ്ടു പേർക്ക് അവർക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാൻ കഴിയും. ഒന്നിച്ചു താമസിക്കാൻ വിവാഹിതരാകേണ്ട കാര്യമില്ലെന്ന സുപ്രീംകോടതി വിധിയും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Related posts