വിളര്‍ച്ച തടയാനും മുടിയഴകിനും നെല്ലിക്ക

hairശരീരത്തില്‍ നിന്നു വിഷപദാര്‍ഥങ്ങളെ പുറത്തുകളയുന്ന പ്രവര്‍ത്തനങ്ങള്‍ക്കു(ഡി ടോക്‌സിഫിക്കേഷന്‍) നെല്ലിക്ക ഗുണപ്രദമെന്നു പഠനങ്ങള്‍ പറയുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നെല്ലിക്ക ഗുണകരം. ഭക്ഷണത്തിലെ മറ്റു പോഷകങ്ങളെ ശരീരത്തിലേക്കു വലിച്ചെടുക്കുന്ന പ്രവര്‍ത്തനങ്ങളെ നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായിക്കുന്നു. നെല്ലിക്കയിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു.

വിറ്റാമിന്‍ സിയുടെ ബാങ്കാണ് നെല്ലിക്ക. ചര്‍മത്തിന്റെ ആരോഗ്യത്തിന് വിറ്റാമിന്‍ സി ഗുണം ചെയ്യും. പ്രതിരോധശക്തി മെച്ചപ്പെടും. ചര്‍മത്തില്‍ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്നു. ജരാനരകളെ തടയുന്നു. ആയുര്‍വേദമരുന്നുകളില്‍ നെല്ലിക്ക പ്രധാന ഘടകമാണ്; ച്യവനപ്രാശത്തിലെ മുഖ്യഘടകം. വിറ്റാമിന്‍ സി ഫലപ്രദമായ ആന്റി ഓക്‌സിഡന്റാണ്. ശരീരകോശങ്ങളുടെ നാശം തടയുന്ന ചില രാസപദാര്‍ഥങ്ങളാണ് ആന്റി ഓക്‌സിഡന്റുകള്‍. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റാണ്. അതു ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ തകര്‍ക്കുന്നു. കോശങ്ങളെ വിഷമാലിന്യങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

വിളര്‍ച്ച തടയാന്‍ നെല്ലിക്ക സഹായകം. നെല്ലിക്കയിലെ ഇരുമ്പ് ചുവന്ന രക്താണുക്കളുടെ എണ്ണം കുട്ടുന്നതായി പഠനങ്ങള്‍ പറയുന്നു. പനി, ദഹനക്കുറവ്, അതിസാരം എന്നിവയ്ക്കും നെല്ലിക്ക പ്രതിവിധിയെന്നത് നാട്ടറിവ്. നെല്ലിക്ക പൊടിച്ചതും വെണ്ണയും തേനും ചേര്‍ത്തു കഴിച്ചാല്‍ വിശപ്പില്ലാത്തവര്‍ക്കു വിശപ്പുണ്ടാകും. ഗ്യാസ്, വയറെരിച്ചില്‍ തുടങ്ങിയവ മൂലമുളള പ്രശ്‌നങ്ങള്‍ കുറയ്ക്കാനും നെല്ലിക്ക സഹായകം.

മുടിയഴകിനു നെല്ലിക്കയിലെ ചില ഘടകങ്ങള്‍ സഹായകം. മുടിയുടെ ആരോഗ്യവും സൗന്ദര്യവുമായി ഏറെ ബന്ധമുണ്ട്. മുടി ഇടതൂര്‍ന്നു വളരും. മുടിയുടെ കറുപ്പും ഭംഗിയും തിളക്കവും കൂടും.

കാല്‍സ്യം, ഫോസ്ഫറസ്, കരോട്ടിന്‍, വിറ്റാമിന്‍ ബി കോംപ്ലക്‌സ് തുടങ്ങിയ പോഷകങ്ങളും നെല്ലിക്കയിലുണ്ട്. പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം നെല്ലിക്കയിലെ കാല്‍സ്യം പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു. എല്ലുരോഗങ്ങളില്‍ നിന്നു സംരക്ഷണം നല്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക ഗുണപ്രദം. തിമിരം തടയുന്നതിനും ഉത്തമം.

പതിവായി നെല്ലിക്ക കഴിക്കുന്നതു കൊളസ്‌ട്രോള്‍ അളവ് ആരോഗ്യകരമായ തോതില്‍ നിലനിര്‍ത്തുന്നതിനു സഹായകം. അതുപോലെതന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇതു ഗുണപ്രദം. ബാക്ടീരിയയെ തടയുന്ന സ്വഭാവം നെല്ലിക്കയ്ക്കുണ്ട്. അണുബാധ തടയും. അതിനാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും.

ത്രിഫല എന്നാല്‍ കടുക്ക, താന്നിക്ക, നെല്ലിക്ക. ഇവ ഉണക്കിപ്പൊടിച്ചതാണു ത്രിഫലാദിചൂര്‍ണം. ദിവസവും രാത്രി ഇതു വെളളത്തില്‍ കലക്കിക്കുടിച്ചാല്‍ മലബന്ധം മൂലം പ്രയാസപ്പെടുന്നവര്‍ക്ക് ആശ്വാസം കിട്ടും. ശോധന ഉണ്ടാകാന്‍ സഹായകം. രോഗപ്രതിരോധശക്തി മെച്ചപ്പെടും

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും നെല്ലിക്ക സഹായകം. ശ്വാസകോശം ബലപ്പെടുത്തുന്നു. പ്രത്യുത്പാദനക്ഷമത കൂട്ടുന്നു. മൂത്രാശയവ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ശരീരതാപം കുറയ്ക്കുന്നു.

ഇനി നെല്ലിക്ക ഉപയോഗിച്ചു തയാറാക്കാവുന്ന ഒരു ടോണിക്കിനെക്കുറിച്ച്. നെല്ലിക്ക നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ തുണികൊണ്ടു തുടച്ചെടുത്ത് ഭരണിയില്‍ നിറയ്്ക്കുക. ഇതിലേക്കു ശുദ്ധമായ തേന്‍, നെല്ലിക്ക മൂടിക്കിടക്കത്തക്കവിധം ഒഴിക്കക. ഭരണി വായു കടക്കാത്തവിധം മൂടിക്കെട്ടി മാസങ്ങളോളം സൂക്ഷിക്കുക. അപ്പോഴേക്കും നെല്ലിക്കയുടെ സത്ത് തേനുമായി ചേര്‍ന്ന് നല്ല ലായനി രൂപത്തില്‍ ആയിക്കഴിഞ്ഞിരിക്കും. ഇതു ദിവസവും ഓരോ സ്പൂണ്‍ അളവില്‍ കഴിച്ചാല്‍ രോഗങ്ങള്‍ അകന്നുനില്ക്കും. നെല്ലിക്കാനീരും തേനും ചേര്‍ത്തു കഴിച്ചാല്‍ കാഴ്ചശക്തി മെച്ചപ്പെടും. ആന്റി ഓക്‌സിഡന്റുകളുടെ ഉറവിടങ്ങളായ തേനും നെല്ലിക്കയും ഒന്നുചേര്‍ന്നാല്‍ പിന്നത്തെ കഥ പറയണോ? രോഗപ്രതിരോധശക്തി പതിന്മടങ്ങു കൂടും. ശരീരവും മനസും തെളിയും. ആരോഗ്യജീവിതം ഉറപ്പാക്കാം.

Related posts