ആലപ്പുഴ; ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തെക്കുറിച്ച് ജീവനക്കാർ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആശുപത്രിയിലെ കാഷ്വാലിറ്റിയും നഴ്സസ് റൂമും മുൻഭാഗത്തായതിനാലും, കുഞ്ഞിനെ എറിഞ്ഞ ശുചിമുറിയുടെ ജനൽ കാഷ്വാലിറ്റിയുടെ തൊട്ടുപിറകിലായതിനാലും സാധാരണ നിലയിൽ അവിടെ ഡ്യൂട്ടിയിലുള്ളവർക്ക് കുഞ്ഞിന്റെ ശബ്ദം കേൾക്കാൻ സാധ്യത വളരെ കുറവായിരുന്നു.
എന്നാൽ കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ജീവനക്കാരുടെ കാതുകളിൽ ആ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.
ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. അവിടെ ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ കൈകളിൽ കോരിയെടുത്ത് അടിയന്തര ശുശ്രൂഷകൾക്കായി കാഷ്വാലിറ്റിയിലേക്ക് ഓടിയെത്തിച്ചത് അറ്റൻഡർ അനിൽ ആയിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമായതിനാൽ തന്നെ അറ്റൻഡർ അനിലിന്റെയും മറ്റ് ജീവനക്കാരുടെയും ഈ വേഗതയേറിയ ഇടപെടൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായി.
കുഞ്ഞിനെ എറിഞ്ഞ നിമിഷത്തിൽ തന്നെ കണ്ടെത്താൻ കഴിഞ്ഞതുകൊണ്ടാണ് ജീവനോടെ തിരിച്ചു കിട്ടിയത്. അല്പം വൈകിയിരുന്നെങ്കിൽ കുഞ്ഞ് തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകാൻ വലിയ സാധ്യതയുണ്ടായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ തിഷ്യ, നഴ്സിംഗ് ഓഫീസർ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് കാഷ്വാലിറ്റിയിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്.
നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ്, അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും ഈ മാതൃകാപരമായ കൂട്ടായ പരിശ്രമത്തെ ആശുപത്രി അധികൃതരും നാട്ടുകാരും ഹൃദയപൂർവം അഭിനന്ദിച്ചു.
ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പോലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പോലീസ് പ്രൊട്ടക്ഷനിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
