യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാം ! പക്ഷെ വിവാഹിതരാവാനായി ഇനിയും കാത്തിരിക്കണം; കോടതിവിധി കമിതാക്കള്‍ക്ക് അനുകൂലമായതിങ്ങനെ…

അഹമ്മദാബാദ്: ഇരുപതുകാരിയായ യുവതിയ്ക്ക് പത്തൊമ്പതുകാരനൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്ന് കോടതി. ഗുജറാത്ത് ഹൈക്കോടതിയാണ് വ്യത്യസ്ഥമായ ഈ ഉത്തരവു പുറപ്പെടുവിച്ചത്.യുവതിയ്ക്ക് പ്രായപൂര്‍ത്തിയായതിനാല്‍ ഇഷ്ടമുള്ള ആള്‍ക്കൊപ്പം ജീവിക്കാന്‍ അവകാശമുണ്ടെന്നും അതിനാല്‍ 19 കാരനൊപ്പം പോകാമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ചെറുപ്പക്കാരനു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഇരുവര്‍ക്കും നിലവില്‍ വിവാഹം കഴിക്കാനുള്ള സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.

എവിടെയാണോ യുവതിക്കു താമസിക്കേണ്ടത് യുവതി പോലീസ് സംരക്ഷണയോടെ അവിടെ എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഉറപ്പുനല്‍കി. ടീനേജറായ കാമുകന്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതിനു പിന്നാലെ കോടതി ഹര്‍ജിയില്‍ അനുകൂല വിധി നല്‍കിയതോടെയാണ് കഴിഞ്ഞ ബുധനാഴ്ച മാതാപിതാക്കളെയും ബന്ധുക്കളേയും ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം താമസം ആരംഭിച്ചു.

ജൂലായ് 19 നാണ് ചെറുപ്പക്കാരന്‍ ബലമായി തന്റെ കാമുകിയെ അവരുടെ വീട്ടുകാര്‍ പിടിച്ചുകൊണ്ടുപോയി എന്ന് വ്യക്തമാക്കി ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് വിവാഹം കഴിക്കാനുള്ള പ്രായം ആയിട്ടില്ല എന്ന വസ്തുതയും ചെറുപ്പക്കാരന്‍ വ്യക്തമാക്കിയിരുന്നു. തന്റെ കാമുകിയെ നിയമപരമായി വിവാഹം കഴിക്കാന്‍ സാധിക്കാത്തതിനാല്‍ ഉടമ്പടി പ്രകാരം ഒരുമിച്ച് താമസിക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ചെറുപ്പക്കാരന്റെ ഹര്‍ജിയില്‍ യുവതിയെ കോടതിക്കു മുന്നില്‍ ഹാജരാക്കാന്‍ സുരേന്ദ്രനഗര്‍ ജില്ലാ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്തായാലും കോടതി വിധി അനുകൂലമായതിന്റെ സന്തോഷത്തില്‍ പുതിയ ജീവിതം തുടങ്ങാനൊരുങ്ങുകയാണ് കമിതാക്കള്‍.

Related posts