‘അമ്മ’ കൊടുത്ത അഞ്ച് കോടി 90 ലക്ഷം രൂപ എന്തു ചെയ്തുവെന്നു ചോദിച്ചു ! കൃത്യമായ മറുപടി കിട്ടിയില്ലെന്നു മാത്രമല്ല വീട്ടുകാര്‍ വരെ നല്ല പുളിച്ച തെറി കേള്‍ക്കുകയും ചെയ്തു; എന്തൊക്കെയായാലും ഇനിയും ദുരിതാശ്വാസ പ്രവര്‍ത്തനം തുടരുമെന്ന് ടിനി ടോം

താരസംഘടനയായ അമ്മ അഞ്ച് കോടി 90 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയെന്നും എന്നാല്‍ ആ പണം എന്തു ചെയ്‌തെന്ന് തിരക്കിയപ്പോള്‍ കിട്ടിയ മറുപടി ഒട്ടും തൃപ്തികരമായിരുന്നില്ലെന്നും വെളിപ്പെടുത്തി നടന്‍ ടിനി ടോം. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കണക്ക് പറഞ്ഞതല്ലെന്നും തന്റെ നിലപാടിനെതിരേ പലരും പല രീതിയിലാണ് പ്രതികരിച്ചതെന്നും താരം വ്യക്തമാക്കി. തന്റെ അമ്മയെ വരെ തെറിപറയുന്ന സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. വയനാട്ടിലെ പ്രളയബാധിത സ്ഥലത്തേയ്ക്ക് സാധനങ്ങള്‍ കയറ്റി അയക്കുന്ന കലക്ഷന്‍ സെന്ററില്‍ നിന്നുമായിരുന്നു ടിനി ടോമിന്റെ ഫേസ്ബുക്ക് ലൈവ്.

‘അഞ്ച് കോടിയല്ല ‘അമ്മ’ സംഘടന കൊടുത്തത്, അഞ്ച് കോടി 90 ലക്ഷമാണ്. അതിന്റെ തെളിവ് വരും. അത് മാനസികമായി ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ആരുടേയും മനസ് വിഷമിപ്പിക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. നമ്മള്‍ ആരുടേയും മനസ് വിഷമിപ്പിച്ചാല്‍ നമ്മളും വിഷമിക്കേണ്ടി വരും. കണക്കു പറഞ്ഞതല്ല, പ്രളയം അനുഭവിച്ച ആളാണ് ഞാന്‍. വീടില്ലാത്തവര്‍ക്ക് വീട് ലഭിക്കണം. പല രീതിയില്‍ ആളുകള്‍ എനിക്കെതിരെ പ്രതികരിച്ചു. എന്റെ അമ്മയെ വരെ ചീത്ത വിളിച്ചു. വീട്ടിലിരിക്കുന്ന അമ്മ എന്തു തെറ്റ് ചെയ്തു. എന്റെ പ്രവര്‍ത്തനം ഇനിയും തുടരും.’ടിനി ടോം പറഞ്ഞു.

കേരളത്തില്‍ ദുരന്തം വിതച്ച പ്രളയത്തില്‍ സഹായ ഹസ്തവുമായി സിനിമാലോകം ഒന്നടങ്കം മുമ്പോട്ടു വന്നിരുന്നു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ സ്വന്തം കാറില്‍ സഞ്ചരിച്ചു പ്രളയബാധിതര്‍ക്കായി സാമഗ്രികള്‍ സ്വരൂപിച്ച് ടിനി ടോമും ഇതില്‍ മാതൃകയായിരുന്നു. തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂര്‍ എംപി തുടക്കം കുറിച്ച ടിനിയുടെ യാത്ര രാത്രി എറണാകുളത്തെത്തിയപ്പോള്‍ സ്വന്തം എസ് യുവി നിറഞ്ഞതിനാല്‍ മറ്റ് രണ്ട് മിനി ലോറികള്‍ കൂടി പിടിച്ചാണ് സാമഗ്രികള്‍ കലക്ഷന്‍ സെന്ററില്‍ എത്തിച്ചത്. ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫേസ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്.

കഴിഞ്ഞ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് വേഗത്തില്‍ സഹായം ലഭിച്ചില്ലെന്ന നടന്‍ ധര്‍മജന്റെ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് ചിലര്‍ ധര്‍മജനെതിരേ കടുത്ത സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരുന്നു. ധര്‍മജനെ അനുകൂലിച്ച് രംഗത്തുവന്ന ടിനു ടോമിനു നേരെയും വ്യാപകമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത്.

Related posts