200 ആടുകളുമായി പ്രേതവനത്തിലേക്കു പോയ ഇടയനെ പിന്നീടാരും കണ്ടിട്ടില്ല! ഡ്രാക്കുളയുടെ നാട്ടിലെ ‘ബര്‍മുഡാ ട്രയാംഗിള്‍’ എന്നറിയപ്പെടുന്ന റൊമാനിയന്‍ കാടിനെക്കുറിച്ചറിയാം…

1_1454067994വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ സംഭവം നടക്കുന്നത്. തന്റെ ആട്ടിന്‍പറ്റങ്ങളുമായി റൊമാനിയയിലെ ഒരു കാട്ടിലേക്ക് കയറിപ്പോയ ഇടയനെ പിന്നീടാരും കണ്ടിട്ടില്ല. ഇടയനൊപ്പമുണ്ടായിരുന്ന ഇരുനൂറിലേറെ വരുന്ന ആടുകളും എന്നന്നേക്കുമായി അപ്രത്യക്ഷമായി. ഇതിനെ കഥയെന്നോ ചരിത്രമെന്നോ പറയാം. ഡ്രാക്കുളയുടെ നാടായ റൊമേനിയയിലെ ട്രാന്‍സില്‍വാനിയയിലുള്ള ഒരു ഭീകരവനത്തേക്കുറിച്ചാണ് ഈ കഥ. ഹൊയ്യ ബസിയു എന്നാണ് ഈ വനത്തിന്റെ പേര്. ആ പഴയ ആട്ടിടയന്റെ പേരാണത്.  ട്രാന്‍സില്‍വാനിയയ്ക്കടുത്തുള്ള ക്ലൂഷ്–നാപോക്ക നഗരത്തിന് അതിരിട്ടു നിലകൊള്ളുന്ന ഈ കാട് ഇന്ന് പ്രേതബാധയുടെ പേരില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നയിടങ്ങളിലൊന്നാണ്. വെറുതെ പറയുന്നതല്ല, അരനൂറ്റാണ്ടായി പ്രേതാന്വേഷികളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ പരിശോധിച്ചു കൊണ്ടിരിക്കുകയാണ് ഈ വനത്തിന്റെ ദുരൂഹസ്വഭാവം.
3
സൈനികനായ എമില്‍ ബാര്‍ണിയ 1968 ഓഗസ്റ്റ് 18ന് പകര്‍ത്തിയ ഒരു ചിത്രത്തോടെയായിരുന്നു ലോകം ഹൊയ്‌യ ബസിയു കാടുകളെ ശ്രദ്ധിക്കുന്നത്. മരത്തലപ്പുകള്‍ക്കു മുകളിലൂടെ തളികരൂപത്തില്‍ എന്തോ ഒന്നു സഞ്ചരിക്കുന്നതിന്റെ ഫോട്ടോയായിരുന്നു അത്. പിന്നീട് പലരും ഇത്തരത്തില്‍ പറക്കുതളികയ്ക്കു സമാനമായ കാഴ്ചകളും രാത്രിയില്‍ അസാധാരണമായ വെളിച്ചങ്ങളും കാടിനു മുകളില്‍ കണ്ടു. 1960കളില്‍തന്നെ അലെയാന്ദ്രു സിഫ്റ്റ് എന്ന ജീവശാസ്ത്ര അധ്യാപകന്‍ കാട്ടിലെ വെളിച്ചത്തെപ്പറ്റിയും അസാധാരണ പ്രതിഭാസങ്ങളെപ്പറ്റിയും പഠിച്ചിരുന്നു. ഇതുവഴി ഒട്ടേറെ ഫോട്ടോകളും അദ്ദേഹം ശേഖരിച്ചു. പക്ഷേ 1993ല്‍ അദ്ദേഹം അന്തരിച്ച് ദിവസങ്ങള്‍ക്കകം ദുരൂഹസാഹചര്യത്തില്‍ ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായി!
1
ലോകത്തില്‍ ഏറ്റവുമധികം പറക്കും തളികകള്‍ കണ്ട സ്ഥലങ്ങളിലൊന്നാണ് ഇവിടം. ആട്ടിടയന്റെ കഥയ്ക്ക് ശേഷം വനം അറിയപ്പെടുന്നത് ‘റുമേനിയയുടെ ബര്‍മുഡ ട്രയാംഗിള്‍’ എന്നാണ്. കാട്ടിലേക്ക് കയറിപ്പോയ ഒട്ടേറെപ്പേരെ കാണാതായതും ആളുകളുടെ പറച്ചിലുകള്‍ക്ക് ശക്തി പകര്‍ന്നു. രാത്രികാലങ്ങളില്‍ വെളിച്ചത്തിന്റെ ‘ഗോളങ്ങള്‍’ കാടിനകത്തു നിറയെ കാണാമെന്ന് പ്രദേശവാസികള്‍ പറയുന്നു. മാത്രവുമല്ല സ്ത്രീകളുടെ അലറിക്കരച്ചിലുകളും പിന്നെ അടക്കിപ്പിടിച്ചതുപോലുള്ള സംസാരവുമെല്ലാം ഇവിടെനിന്നുയരാറുണ്ട്. കാടിന് സമീപത്തു കൂടെ പോകുന്നവര്‍ക്കു പോലും ആരോ കാട്ടിന്നകത്തു നിന്ന് തങ്ങളെ നിരീക്ഷിക്കുന്ന തോന്നലുണ്ടാകുന്നത് പതിവാണ്. ക്ലൂഷ്–നാപോക്കയില്‍ കൊല ചെയ്യപ്പെട്ടവരുടെ ആത്മാക്കള്‍ കാലങ്ങളായി വനത്തിലെ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതാണെന്നും പലരും വിശ്വസിക്കുന്നു.

ധൈര്യം സംഭവിച്ച് കാട്ടിലേക്ക് കയറിയവര്‍ക്കും പണി കിട്ടിയിട്ടുണ്ട്– ദേഹമാകെ ചൊറിച്ചില്‍, ആരോ ആക്രമിച്ചതു പോലെ മുറിവുകള്‍, തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്ന അവസ്ഥ അങ്ങനെയങ്ങനെ. കാട്ടിനകത്തു കയറുമ്പോള്‍ തന്നെ അസാധാരണമായ ഉത്കണ്ഠ തോന്നുന്ന അവസ്ഥ; ചിലര്‍ക്കെല്ലാം തലചുറ്റലും ഛര്‍ദ്ദിയും. പുറത്തിറങ്ങിയാലും വിട്ടുമാറാത്ത തലവേദനയാണ് മറ്റൊരു പ്രശ്‌നം. കാട്ടിലേക്ക് കയറിയവര്‍ക്ക് തിരികെയിറങ്ങുമ്പോള്‍ അവര്‍ക്ക് അത്രയും നേരം ഹൊയ്‌യ ബസിയുവില്‍ എന്തു ചെയ്‌തെന്ന് ഓര്‍മയുണ്ടാകില്ലെന്നും ചിലര്‍ പറയുന്നു. ഇതിന് ബലം പകരുന്ന ഒരു കഥയുമുണ്ട്– അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടി ഒരിക്കല്‍ ഈ കാട്ടില്‍ അകപ്പെട്ടു. പിന്നീടവളെ കാണുന്നത് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ്. പക്ഷേ അപ്പോഴും ആ കാട്ടിനകത്തു വച്ച് തനിക്കെന്താണു സംഭവിച്ചതെന്ന് അവള്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല. മാത്രവുമല്ല അഞ്ചു വര്‍ഷം മുന്‍പ് ധരിച്ച അതേ വസ്ത്രത്തിന് യാതൊരു കേടുപാടുകളുമുണ്ടായിരുന്നില്ല!
2
ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള കഥയാണിതെന്നും ചിലര്‍ പറയുന്നു. കാടിന്റെ മധ്യഭാഗത്തായുള്ള ഒരു പുല്‍പ്രദേശമാണ് ടൂറിസ്റ്റുകളുടെ ലക്ഷ്യം. കാട്ടിനകത്ത് അസാധാരണമായ ആകൃതിയില്‍ വളരുന്ന മരങ്ങളാണേറെയും. ചിലതിന്റെ ശാഖകള്‍ കരിഞ്ഞിരിക്കുന്നതും കാണാം. പല മരങ്ങളിലും മനുഷ്യരുടെ തലകള്‍ കണ്ട കഥകളുമുണ്ട്. പ്രേതകഥകളില്‍ മാത്രം കേട്ടിട്ടുള്ള തരം കൂറ്റന്‍ ചെന്നായ്ക്കളെ ഉള്‍പ്പെടെ ഇന്നേവരെ കാണാത്ത തരം മൃഗങ്ങളെ കണ്ടതായും പല ട്രക്കിങ് സംഘങ്ങളും പറഞ്ഞിട്ടുണ്ട്. വനത്തിനു നടുവില്‍ വൃത്താകൃതിയില്‍ കാണപ്പെടുന്ന പുല്‍പ്രദേശമാണ് എല്ലാ നിഗൂഢതകളുടെയും കേന്ദ്രമെന്നാണാണ് വിശ്വാസം. Poiana Ro-tund എന്നറിയപ്പെടുന്ന ഈ പ്രദേശം കാണാനാണ് ‘ധൈര്യശാലികളായ’ ടൂറിസ്റ്റുകളുടെ വരവ്.

യാതൊന്നും വളര്‍ന്നു ‘വലുതാകില്ല’ എന്നതാണ് ഈ വൃത്താകൃതിയിലുള്ള പ്രദേശത്തിന്റെ പ്രത്യേകത.  എങ്കിലും പ്രദേശം നിറയെ പുല്ല് വളരുന്നുണ്ട്. നിശ്ചിത ഉയരത്തിലേക്ക് വളരില്ലെന്നു മാത്രം. പറക്കുംതളികകള്‍ ഇറങ്ങുന്ന സ്ഥലമാണിതെന്നാണ് ഒരു നിഗമനം. മറ്റൊരു കൂട്ടര്‍ പറയുന്നത് കാട്ടിലെ ആത്മാക്കളെ നിയന്ത്രിക്കുന്ന ചെകുത്താന്‍ കുടികൊള്ളുന്നത് ആ പ്രദേശത്താണെന്നും. ട്രാവല്‍ ചാനലിന്റെ ‘ഗോസ്റ്റ് അഡ്വഞ്ചേഴ്‌സ്’ എന്ന പ്രോഗ്രാമിന്റെ ഭാഗമായി ഈ പ്രദേശം ചിത്രീകരിച്ചിട്ടുണ്ട്. ഇതോടെയാണ് ഇത് വെറുമൊരു കഥയല്ല എന്തൊക്കെയോ ദുരൂഹത ഇതിനു പിന്നിലുണ്ടെന്ന് തോന്നല്‍ ബലപ്പെട്ടത്. ഡ്രാക്കുള കോട്ടയ്‌ക്കൊപ്പം തന്നെ ഭീകരത പരത്തുന്ന പ്രദേശമായി ഹൊയ്യ ബസിയു നിലകൊള്ളുകയാണ്.

Related posts