കുതിരപ്പുറത്ത് സ്‌കൂളിലേക്ക് പോകുന്ന രാജകുമാരി ലോക പ്രശസ്തിയേക്ക് ! സോഷ്യല്‍ മീഡിയയില്‍ വൈറലായ കൃഷ്ണ ദേശീയ-അന്തര്‍ ദേശീയ മാധ്യമങ്ങളിലൂടെ ലോകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍…

മറ്റു കുട്ടികള്‍ വാഹനങ്ങളില്‍ സ്‌കൂളിലേക്ക് പോകുമ്പോള്‍ കുതിരപ്പുറത്തേറിയുള്ള സ്‌കൂള്‍ യാത്രയാണ് സി.എ കൃഷ്ണ എന്ന പെണ്‍കുട്ടിയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയത്. കഴിഞ്ഞ ദിവസം പത്താംക്ലാസ് പരീക്ഷയെഴുതാന്‍ ഈ കൗമാരക്കാരി കുതിരപ്പുറത്ത് പോകുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നായിരുന്നു കൃഷ്ണയെക്കുറിച്ച് പുറംലോകം അറിയാന്‍ തുടങ്ങിയത്. അതിനെ തുടര്‍ന്ന് വിവിധ ദേശീയ മാധ്യമങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ഈ പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു.

സ്‌കൂള്‍ യൂണിഫോമില്‍ കുതിരപ്പുറത്ത് പോകുന്ന കൃഷ്ണയുടെ ഫോട്ടോകളും വീഡിയോയും ചുരുങ്ങിയ ദിവസത്തിനുള്ളിലായിരുന്നു വൈറലായിത്തീര്‍ന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്ന കുതിരസവാരി കൃഷ്ണയ്ക്ക് ഹോബിയായിത്തീര്‍ന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ കുതിരസവാരി ഈ പെണ്‍കുട്ടിക്ക് തികച്ചും സൗകര്യപ്രദമായ സഞ്ചാരമാര്‍ഗമായിത്തീരുകയായിരുന്നു. എന്നാല്‍ താന്‍ ദിവസവും സ്‌കൂളിലേക്ക് കുതിരപ്പുറത്തല്ല പോകുന്നതെന്നും മറിച്ച് ചില പ്രത്യേക ദിവസങ്ങളിലോ അല്ലെങ്കില്‍ ബോറടിക്കുമ്പോഴോ ചില പരീക്ഷാ ദിവസങ്ങളിലോ മാത്രമാണ് കുതിരസവാരിയെന്നും കൃഷ്ണ വെളിപ്പെടുത്തുന്നു.

പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസത്തിലാണ് കൃഷ്ണ ഇത്തരത്തില്‍ കുതിരപ്പുറത്ത് പോയി ശ്രദ്ധേയയായിരിക്കുന്നത്. കുതിരപ്പുറത്ത് പോകുന്നത് പെണ്‍കുട്ടികളെ സംബന്ധിച്ചിടത്തോളം എളുപ്പമല്ലെന്ന് ഒരു സുഹൃത്ത് തന്നോട് പറഞ്ഞിരുന്നുവെന്നും ഇത് ജാന്‍സി റാണിയെ പോലുള്ള അസാധാരണ വനിതകള്‍ക്ക് മാത്രം സാധിക്കുന്ന പ്രവര്‍ത്തിയാണെന്നായിരുന്നു സുഹൃത്തിന്റെ ഉപദേശമെന്നും കൃഷ്ണ ഈ വേളയില്‍ ഓര്‍ക്കുന്നു. തന്നെ പോലുള്ള സാധാരണ പെണ്‍കുട്ടികള്‍ക്ക് സാധിക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്ന് താനും ആദ്യം ധരിച്ചിരുന്നുവെന്നും കൃഷ്ണ വെളിപ്പെടുത്തുന്നു.

താന്‍ പഠിക്കുന്ന മാള ഹോളിഗ്രേസ് സ്‌കൂളില്‍ ഒരു ദിവസം കുതിര സവാരി പഠിപ്പിക്കാന്‍ ഒരാളെത്തിയതോടെയാണ് കൃഷ്ണക്ക് കുതിരക്കമ്പം തുടങ്ങിയത്. തുടര്‍ന്ന് കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി. പരിശീലകര്‍ തന്റെ മകളുടെ കുതിരസവാരിയെ പ്രശംസിച്ചതോടെ കൃഷ്ണയുടെ പിതാവും നാരാണത്ത് മഹാവിഷ്ണുക്ഷേത്രത്തിലെ പൂജാരിയുമായ അജയ് കാലിന്ദി ഒരു വെളുത്ത കുതിരയെ വാങ്ങി നല്‍കുകയായിരുന്നു. തുടര്‍ന്ന് പിതാവ് കുതിര സവാരി നടത്താന്‍ കൃഷ്ണയെ പരിശീലിപ്പിക്കുകയും ചെയ്തു. കൃഷ്ണ കുതിരപ്പുറത്ത് പോകുന്ന വീഡിയ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലാവുകയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയെ പോലുള്ള പ്രമുഖര്‍ പോലും ഇക്കാര്യത്തില്‍ കൃഷ്ണയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തിരുന്നു.

കൃഷ്ണയുടെ കുതിരസവാരി വീഡിയോ ആനന്ദ് മഹീന്ദ്ര അദ്ദേഹം ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇവളാണ് തന്റെ ഹീറോയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. ‘ തൃശൂരിലുള്ള ആര്‍ക്കെങ്കിലും ഈ പെണ്‍കുട്ടിയെ അറിയുമോ….? അവളുടെയും ആ കുതിരയുടെയും ചിത്രം എനിക്ക് സ്‌ക്രീന്‍സേവറായി ഇടാന്‍ വേണം..അവളാണെന്റെ യഥാര്‍ത്ഥ ഹീറോ, അവളുടെ പ്രവര്‍ത്തി എന്നില്‍ ശുഭാപ്തി വിശ്വാസം നിറച്ചു….’ എന്നായിരുന്നു മഹീന്ദ്ര ട്വിറ്ററില്‍ പുകഴ്ത്തിയത്.

ഇദ്ദേഹത്തിന് പുറമെ ട്വിറ്ററില്‍ നിരവധി പേര്‍ കൃഷ്ണയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. അത്ഭുതപ്പെടുത്തുന്ന പെണ്‍കുട്ടിയും യഥാര്‍ത്ഥ കുതിരശക്തിയുമാണ് കൃഷ്ണയെന്നുമാണ് ഒരു ട്വിറ്റര്‍ യൂസര്‍ കുറിച്ചിരിക്കുന്നത്. നിലവില്‍ റാണാ കൃഷ്, ജാന്‍വി എന്നീ രണ്ട് കുതിരകളാണ് കൃഷ്ണക്കുള്ളത്. കുതിരസവാരിയില്‍ മറ്റ് കുട്ടികള്‍ക്ക് കൃഷ്ണ പരിശീലനം നല്‍കുന്നുണ്ട്. കുതിരയോട്ട മത്സരത്തില്‍ പങ്കെടുക്കണമെന്നതാണ് കൃഷ്ണയുടെ ആഗ്രഹം.

Related posts