ആറുമാസത്തിനിടെ ഇടുക്കിക്കാരി രണ്ടുതവണ ഫേസ്ബുക്കിലൂടെ കെട്ടി, ആദ്യത്തെ ഗള്‍ഫുകാരന്‍ ഭര്‍ത്താവിനെ ആദ്യ ഭാര്യ കൈയോടെ കൊണ്ടുപോയി, രണ്ടാമന്‍ ഐപിഎസുകാരന്‍, അതില്‍ ട്വിസ്‌റ്റോടു ട്വിസ്റ്റ്, ഉപ്പുതറയിലെ ഇടിവെട്ട് കഥ ഇങ്ങനെ

ഐപിഎസുകാരന്‍ ചമഞ്ഞ യുവാവിനെ ഉപ്പുതറയിലെത്തിച്ചത് ഉപ്പുതറ സ്വദേശിനിയായ യുവതിയുടെ ഫെയ്‌സ് ബുക്ക് പ്രണയം. ആറുമാസത്തിനിടെ യുവതിയുടെ ഫെയ്‌സ്ബുക്ക് പ്രണയത്തില്‍ കുടുങ്ങിയത് രണ്ടു യുവാക്കളാണ്. ആദ്യ ഇര ഗള്‍ഫില്‍ ജോലിയുണ്ടായിരുന്ന ആലപ്പുഴസ്വദേശിയാണ്. ഗള്‍ഫില്‍നിന്നും അവധിക്ക് നാട്ടിലേക്കുതിരിച്ച ആലപ്പുഴ സ്വദേശി എത്തിയത് ഉപ്പുതറയിലെ യുവതിയുടെ വീട്ടിലായിരുന്നു.

പിന്നീട് ആര്‍ഭാടമായൊരു വിവാഹവും കഴിഞ്ഞ് ഗള്‍ഫുകാരനുമായി യുവതി ജീവിതം ആരംഭിച്ചു. ആലപ്പുഴയില്‍ ഭാര്യയും രണ്ടു കുട്ടികളുമുള്ള ഗള്‍ഫുകാരന്‍റെ ആദ്യഭാര്യ ഭര്‍ത്താവിനെ വിളിച്ചിട്ട് ലഭിക്കാതായപ്പോള്‍ ഗള്‍ഫിലുള്ള സഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ഭര്‍ത്താവ് അവധിക്ക് നാട്ടില്‍ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞത്. ഭര്‍ത്താവിനെ കാണാതായപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിലാണ് ഗള്‍ഫുകാരന്‍ ഭര്‍ത്താവ് ഉപ്പുതറയില്‍ പുതിയബന്ധം സ്ഥാപിച്ച് കഴിയുന്നതായി കണ്ടെത്തിയത്. പണം കടംവാങ്ങിയും ബാങ്കില്‍നിന്നും ലോണെടുത്തുമായിരുന്നു ഇയാളെ വീട്ടുകാര്‍ ഗള്‍ഫില്‍ അയച്ചത്. ഗള്‍ഫില്‍നിന്നും പണം ലഭിക്കാതായതോടെ തുണിക്കടയില്‍ പണിയെടുത്താണ് ഭാര്യ ഇവരുടെ കുടുംബം പുലര്‍ത്തിയിരുന്നത്.

ഇയാള്‍ ഉപ്പുതറയിലുണ്ടെന്ന് അറിഞ്ഞ് ഭാര്യയും രണ്ടു മക്കളും ഉപ്പുതറയിലെത്തിയതോടെ ഉപ്പുതറ സ്വദേശിനി ഇയാളെ ഉപേക്ഷിച്ചു. അത് കഴിഞ്ഞ മാര്‍ച്ചിലായിരുന്നു. അധിക ദിവസമെടുത്തില്ല ഫെയ്‌സ്ബുക്കില്‍ അടുത്ത ഇര വീഴാന്‍. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഇവരുടെ പ്രണയം തളിരിട്ടത്. ജൂണ്‍ മാസമായപ്പോഴേക്കും ഇത് വിവാഹത്തിലെത്തി. അവികസിത പ്രദേശമായ ഉപ്പുതറയില്‍ ഐഎഎസുകാരും ഐപിഎസുകാരുമൊന്നുമില്ല. എന്നാല്‍ സാധാരണ മൂന്നു മുറികളുള്ള അധികം വലിപ്പമില്ലാത്ത വീട് വാടകയ്‌ക്കെടുത്ത് ഐപിഎസുകാരന്‍ താമസത്തിനെത്തിയത് ജനങ്ങളില്‍ സംശയം ജനിപ്പിച്ചിരുന്നുവെന്ന് അയല്‍വാസികള്‍ രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. സ്വന്തമായി കാറുള്ള അഭിനവ ഐപിഎസ് പകല്‍ യുവതിയുമായി കറക്കത്തിലായിരിക്കും. രാത്രിയില്‍ തിരിച്ചെത്തുകയും ചെയ്യും. സമീപവാസികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല.

കഴിഞ്ഞദിവസം അഭിനവ ഐപിഎസുകാരന്‍ വടകര സ്വദേശി ഇടച്ചേരി കള്ളിക്കൂട്ടത്തില്‍ ലിജീഷ് കെ. പ്രിന്‍സിനെ പോലീസ് പിടികൂടിയപ്പോഴാണ് ഇയാള്‍ക്കും വേറെ ഭാര്യയും രണ്ടുമക്കളും ഉള്ളതാണെന്ന് അറിഞ്ഞത്. ഇയാളുടെ ആദ്യവിവാഹവും പോലീസ് ഓഫീസറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു.
കുടുംബത്തില്‍ മാന്യമായി പെരുമാറിയിരുന്ന ലിജീഷ് ജോലിയിലാണെന്ന് വീട്ടുകാരെ തെറ്റിദ്ധിപ്പിച്ച് മാസങ്ങളോളം വീട്ടില്‍നിന്നും വിട്ടുനില്‍ക്കുമായിരുന്നു. ഇയാള്‍ പോലീസ് പിടിയിലായതിനെതുടര്‍ന്ന് ആദ്യ ഭാര്യയെ പോലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇടുക്കിയില്‍ ജോലിക്കു പോയിരിക്കുകയാണെന്നും പോലീസ് ഓഫീസറാണെന്നുമാണ് പറഞ്ഞത്. ഇയാളുടെ സഹോദരീഭര്‍ത്താവ് പോലീസ് ഉദ്യോഗസ്ഥനാണ്.

ഇദേഹത്തിന്റെ പക്കല്‍നിന്നുമാണ് പോലീസ് അസോസിയേഷന്റെയും മറ്റും ബാഗുകളും മറ്റും സംഘടിപ്പിച്ചിരുന്നത്. ഇയാള്‍ രണ്ടാം ഭാര്യയോടൊപ്പം ഐപിഎസ് ബോര്‍ഡും സ്ഥാപിച്ച് താമസിച്ചിരുന്ന വീടിന്‍റെ അധികം അകലെയല്ലാതെയായിരുന്നു യഥാര്‍ഥ ഉപ്പുതറ എസ്‌ഐയും താമസിച്ചിരുന്നത്. നാട്ടുകാര്‍ സംശയം പറഞ്ഞപ്പോഴാണ് പോലീസ് ഇയാളെകുറിച്ച് അന്വേഷിച്ചത്. ഇയാളുടെ പക്കല്‍നിന്നും പോലീസ് വേഷത്തിലുള്ള ഇയാളുടെ ഫോട്ടോയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ടാമനും പോയെങ്കിലും ഫെയ്‌സ് ബുക്കില്‍ ഇനിയും പേജുകള്‍ ഉണ്ടല്ലോ എന്ന മട്ടിലാണ് യുവതി എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Related posts