ജയ്പുർ: രാജസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് ഏഴു കുട്ടികൾക്കു ദാരുണാന്ത്യം. ജലാവാർ പ്രദേശത്തെ പിപ്ലോഡി പ്രൈമറി സ്കൂളിന്റെ മേൽക്കൂരയാണ് തകർന്നുവീണത്. 15 പേർക്കു പരിക്കുണ്ട് എന്നാണു വിവരം.
തകർന്ന കെട്ടിടത്തിന് ഇരുപതുവർഷം പഴക്കമുണ്ട്. സ്റ്റോൺ സ്ലാബുകളാണ് മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതെന്നാണു വിവരം.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവർക്ക് ആവശ്യമായ സഹായം സംസ്ഥാ ന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. അപകടം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സംസ്ഥാന സർക്കാർ നിയോഗിച്ചു.