മാല പൊട്ടിക്കാതിരിക്കാന്‍ സ്ത്രീകള്‍ മാലയില്‍ കൈവയ്ക്കും; പക്ഷെ ബൈക്കിലെത്തുന്നയാള്‍ പിടിക്കുന്നത് മറ്റു പലയിടത്തും; സിസിടിവിയില്‍ കുടുങ്ങിയ തൃശൂരിലെ ഞരമ്പുരോഗിയുടെ രീതികള്‍ ഇങ്ങനെ…

തൃശൂര്‍ : തൃശൂരിലെ ഞരമ്പുരോഗിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍. മാലപൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന സാമൂഹിക വിരുദ്ധനെ ഈസ്റ്റ് പോലീസാണ് പിടികൂടിയത്. വടക്കാഞ്ചേരി സ്വദേശി സനില്‍ ആണ് അറസ്റ്റിലായത്. അജ്ഞാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതോളം യുവതികള്‍ നല്‍കിയ പരാതിക്കു പിന്നാലെ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് പ്രതി ഞരമ്പുരോഗിയാണെന്നു വ്യക്തമായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

വിമല കോളജ് പരിസരത്ത് ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. സമാനമായി പരാതികള്‍ ലഭിച്ച സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്നു വ്യക്തമായി. ഇതോടെയാണ് പ്രതിയുടെ ഉദ്ദേശം മാല അല്ലെന്നു വ്യക്തമായത്.

മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെല്‍മറ്റ് വച്ചു നടക്കുന്നയാളാണ് എല്ലാ ദൃശ്യങ്ങളിലും ഉപദ്രവിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഈ സൂചനകള്‍ വച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. താന്‍ ഒട്ടേറെ യുവതികളെ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്നു സനില്‍ പോലീസിനോടു സമ്മതിച്ചു. ഇരുപത് യുവതികള്‍ ഇതിനകം രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്. മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്നു തെറ്റിദ്ധരിച്ചുള്ള പരാതികളാണെല്ലാം. സമാന മാതൃകയിലുള്ള മറ്റു കേസുകളും പരിശോധിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു.

 

Related posts