ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് നട്ടെല്ലായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ), ഒക്ടോബറിൽ പുതിയ എക്കാലത്തെയും ഉയർന്ന നില ഇടപാടുകൾ സൃഷ്ടിച്ചുകൊണ്ട് വീണ്ടും സ്വന്തം റിക്കാർഡുകൾ തകർത്തു.
യുപിഐ നിലവിൽ വന്ന ഏപ്രിൽ 2016ന് ശേഷമുണ്ടായ ഏറ്റവും മികച്ച കണക്കുകളാണ് ഒക്ടോബറിൽ രേഖപ്പെടുത്തിയത്. നാഷണൽ പേമെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ യുപിഐയിലൂടെ നടന്നത് റിക്കാർഡ് ഇടാപാടുകളാണ്. 2,070 കോടി ഇടപാടുകളിലൂടെ 27.28 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. രാജ്യത്ത് ഉത്സവ സീസണിനൊപ്പം ജിഎസ്ടി ഇളവും വന്നതോടെ ഡിമാൻഡ് വർധിച്ചതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
2025 സെപ്റ്റംബറിൽ രേഖപ്പെടുത്തിയ 1963 കോടി ഇടപാടുകളിൽ നിന്ന് ഒക്ടോബറിൽ 3.6 ശതമാനത്തിന്റെ വർധനയുണ്ടായി. മുൻമാസം 24.90 ലക്ഷം കോടി രൂപയുടെ കൈമാറ്റം നടന്നു. ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 2,000 കോടി ഇടപാടുകളാണ് എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെയുള്ള റിക്കാർഡ്. ഈ കണക്കും ഒക്ടോബറിൽ മറികടന്നു.
മേയിൽ നടന്ന 25.14 ലക്ഷം കോടി രൂപയുടെ ഇടപാടുകളുടെ റിക്കാർഡും തിരുത്തി. വാർഷികാടിസ്ഥാനത്തിൽ ഇടപാടുകളുടെ എണ്ണം 25 ശതമാനം വർധിച്ചപ്പോൾ മൂല്യം 16 ശതമാനം ഉയർന്നു. ഒക്ടോബർ 18ന് ആദ്യമായി ഒരു ദിവസം 754.37 കോടിയിലധികം ഇടപാടുകൾ നടത്തി യുപിഐ പുതിയ നാഴികക്കല്ല് പിന്നിട്ടു. യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന ഒറ്റ ദിവസത്തെ ഇടപാടാണിത്. ഒക്ടോബറിലെ ശരാശരി പ്രതിദിന ഇടപാടുകളുടെ എണ്ണം 66.8 കോടിയാണ് ഇന്ത്യയിൽ നടന്നത്. പ്രതിദിന ഇടപാട് തുക 87,993 കോടി രൂപയായിരുന്നു. സെപ്റ്റംബറിൽ ശരാശരി പ്രതിദിന ഇടപാടുകൾ 65.4 കോടിയും ഇടപാട് തുക 82,991 കോടി രൂപയുമായിരുന്നെന്ന് കണക്കുകൾ കാണിക്കുന്നത്.
മറ്റ് ഡിജിറ്റൽ പേമെന്റ് പ്ലാറ്റ്ഫോമുകൾ
എൻപിസിഐ പിന്തുണയുള്ള മറ്റ് പ്േമെന്റ് സംവിധാനങ്ങളും ഒക്ടോബറിൽ വളർച്ച രേഖപ്പെടുത്തി. അതിവേഗ ബാങ്ക് ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ഐഎംപിഎസിലും (ഇമ്മീഡിയറ്റ് പേമെന്റ് സർവീസ്) വർധനയുണ്ട്. സെപ്റ്റംബറിനേക്കാൾ മൂന്ന് ശതമാനം വർധിച്ച് 40.4 കോടി ഐഎംപിഎസ് ഇടപാടുകളാണ് ഒക്ടോബറിൽ നടന്നത്.
സെപ്റ്റംബറിൽ 39.4 കോടിയുടെ ഇടപാടുകളാണ് നടന്നത്. എന്നാൽ, ഓഗസ്റ്റിൽ ഇടപാടുകളുടെ എണ്ണം കൂടുതലായിരുന്നു. 47.7 കോടിയാണ് ഇടപാടുകൾ. മൊത്തം മൂല്യം എട്ട് ശതമാനം ഉയർന്ന് 6.42 ട്രില്യണ് രൂപയായി. സെപ്റ്റംബറിൽ 5.98 കോടി രൂപയുടെ കൈമാറ്റം നടത്തി. ഒക്ടോബറിലെ ഫാസ്റ്റാഗ് ഇടപാടുകളുടെ എണ്ണത്തിലും വർധനയുണ്ട്. തൊട്ടുമുൻ മാസത്തേക്കാൾ എട്ട് ശതമാനം വർധിച്ച് 36.1 കോടി ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നത്.
സെപ്റ്റംബറിൽ 6661 കോടി രൂപയുടെ മൂല്യത്തെക്കാൾ നാലു ശതമാനം ഉയർന്ന് ഒക്ടോബറിൽ 6,686 കോടി രൂപയുടെ ഇടപാടുകളുണ്ടായി. പ്രതിദിനം 216 കോടി രൂപയുടെ ഇടപാടുകളാണ് ഫാസ്റ്റാഗിൽ നടന്നതെന്നും കണക്കുകൾ പറയുന്നു.
ആധാർ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തിലെ (ആധാർ എനേബിൾഡ് പേമെന്റ് സിസ്റ്റം) കണക്കുകളിലും വർധനയുണ്ട്. സെപ്റ്റംബറിൽ 10.6 കോടിയായിരുന്ന എഇപിഎസ് ഇടപാടുകൾ ഒക്ടോബറിൽ 6 ശതമാനം വർധിച്ച് 11.2 കോടിയിലെത്തി. ഏതാണ്ട് 30,509 കോടി രൂപ കൈമാറ്റം ചെയ്തതായും കണക്കുകൾ പറയുന്നു. പ്രതിദിനം 984 കോടി രൂപയുടെ ഇടപാടുകളാണ് ഈ രൂപത്തിൽ നടന്നത്.

