നാവികസേനയ്ക്കായി ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്നു വൈകുന്നേരം 5.26നാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) യുടെ പുതിയ വാർത്താവിനിമയ ഉപഗ്രഹമായ സിഎംഎസ്-3 വിക്ഷേപിക്കുന്നത്.
രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങൾക്കു കരുത്താകുന്ന അത്യാധുനിക ഉപഗ്രഹമാണ് എൽവിഎം-3 (ലോഞ്ച് വെഹിക്കിൾ മാർക്ക്- 3) റോക്കറ്റിൽ ബഹിരാകാശത്തേക്കു വിക്ഷേപിക്കുക. ചന്ദ്രയാൻ- 03 ദൗത്യത്തിനായി പേടകം ചന്ദ്രനിലെത്തിച്ച ഇന്ത്യയുടെ ഏറ്റവും ശക്തമായ വിക്ഷേപണവാഹനമാണിത്. ജിസാറ്റ്- 7 ആർ എന്നും അറിയപ്പെടുന്നതാണ് സിഎംഎസ്-3 ഉപഗ്രഹം. ഏകദേശം 4,410 കിലോഗ്രാം ഭാരമുള്ളതാണിത്.
ഇന്ത്യ ഉപഭൂഖണ്ഡം ഉൾപ്പെടുന്ന വിശാല സമുദ്രമേഖലയിലേക്കുള്ള മൾട്ടി-ബാൻഡ് കമ്യൂണിക്കേഷൻ സേവനങ്ങളാകും ലഭ്യമാകുക. നാവികസേനയുടെ ശബ്ദ, വീഡിയോ, ഡാറ്റ തുടങ്ങിയ ആശയവിനിമയ ശേഷികളിലും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിലും ഗണ്യമായ പുരോഗതി കൈവരിക്കാൻ പുതിയ ഉപഗ്രഹത്തിനു കഴിയും.
സിഎംഎസ്-03 സി, എക്സ്റ്റൻഡഡ് സി, കെയു ബാൻഡുകളിൽ പ്രവർത്തിക്കുന്ന അടുത്ത തലമുറ പേലോഡ് ട്രാൻസ്പോണ്ടറുകൾകൊണ്ടു സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹത്തിൽ കൂടുതൽ ബാൻഡ് വിഡ്തും നൂതന സുരക്ഷിത ലിങ്കുകളുമുണ്ട്. തന്ത്രപരമായ സമുദ്രനിരീക്ഷണവും നാവിക കമാൻഡും നിയന്ത്രണവും ശക്തിപ്പെടുത്താനും ഉപകരിക്കുന്ന ഉപഗ്രഹത്തിലൂടെ തീരപ്രദേശത്തുനിന്ന് 2,000 കിലോമീറ്റർ വരെയുള്ള പ്രദേശങ്ങളിൽ ആശയവിനിമയം സാധ്യമാണ്. കരയിലെയും കടലിലെയും ബന്ധപ്പെട്ട ഏജൻസികളെ പിന്തുണയ്ക്കാനും കഴിയും. “ഓപ്പറേഷൻ സിന്ദൂറി’ൽ പാക്കിസ്ഥാനെതിരേ ഉപഗ്രഹവിനിമയം സഹായകമായിരുന്നു.
ഈ റോക്കറ്റ് മോഡലിന്റെ ശ്രീഹരിക്കോട്ടയിൽനിന്നുള്ള എട്ടാമത്തെ വിക്ഷേപണമാണിത്. ഇതുവരെയുള്ള ഏഴു വിക്ഷേപണങ്ങളും 100 ശതമാനം വിജയമായിരുന്നു. 4,400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം ഇന്ത്യ ഇതുവരെ വിക്ഷേപിച്ചതിൽ ഏറ്റവും ഭാരമേറിയതാണ്. തദ്ദേശീയമായി നിർമിച്ച ഹെവി-ലിഫ്റ്റ് “ബാഹുബലി’ ലോഞ്ചറിന് 43.5 മീറ്റർ ഉയരമുണ്ട്; 15 നില കെട്ടിടത്തിനു തുല്യം.
ബഹിരാകാശത്തേക്ക് ഉയരുന്പോൾ റോക്കറ്റിന് 642 ടണ് ഭാരമുണ്ട്. പൂർണവളർച്ചയെത്തിയ 150 ഏഷ്യൻ ആനകളുടെ ഭാരത്തിനു തുല്യമാണിത്. ഓരോ എൽവിഎം 3 റോക്കറ്റിനും ഏകദേശം 500 കോടി രൂപ ചെലവാകും. ഇതിന്റെ 16 മിനിറ്റ് പറക്കലിന് തദ്ദേശീയമായി നിർമിച്ച ക്രയോജനിക് എൻജിനാണ് ഉപയോഗിക്കുന്നത്. ചന്ദ്രനിലേക്ക് മനുഷ്യനെ അയയ്ക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു ശക്തി പകരുന്നതാണ് കൂറ്റൻ റോക്കറ്റ്.
ജോർജ് കള്ളിവയലിൽ

