ജയ്പുര്: സ്കൂള് കെട്ടിടത്തിന്റെ നാലാംനിലയില്നിന്ന് ചാടി നാലാം ക്ലാസുകാരി ജീവനൊടുക്കി. ജയ്പുരിലെ നീരജ മോദി സ്കൂളിലെ വിദ്യാര്ഥിനിയായ അമൈറയാണ് (ഒൻപത്) മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. പെണ്കുട്ടി കെട്ടിടത്തിന്റെ മുകളില്നിന്ന് ചാടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ടോടെയാണ് പെണ്കുട്ടി സ്കൂള് കെട്ടിടത്തില് നിന്ന് താഴേക്ക് ചാടി മരിച്ചത്. പെണ്കുട്ടി കെട്ടിടത്തിലെ ഗോവണിക്ക് സമീപത്തെ കൈവരിയില് കയറുന്നതും പിന്നാലെ താഴേക്ക് ചാടുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഏകദേശം 47 അടി ഉയരത്തില് നിന്നാണ് പെണ്കുട്ടി വീണത്. ഉടന്തന്നെ സമീപത്തെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
അതേസമയം, വിവരമറിഞ്ഞ് പോലീസ് സംഘം എത്തിയപ്പോഴേക്കും പെണ്കുട്ടി വീണ സ്ഥലം സ്കൂള് അധികൃതര് വൃത്തിയാക്കിയിരുന്നതായാണ് വിവരം. സ്ഥലത്ത് ചോരപ്പാടുകളോ മറ്റോ കണ്ടെത്താനായില്ലെന്നും പോലീസ് പറഞ്ഞു.
സംഭവത്തില് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്കൂള് അധികൃതര്ക്കെതിരേ കുട്ടിയുടെ മാതാപിതാക്കള് പരാതി നല്കിയിട്ടുണ്ട്. അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് കുട്ടി ജീവനൊടുക്കിയതെന്ന് രക്ഷിതാക്കൾ പരാതി നൽകി.
പെണ്കുട്ടിയുടെ മരണത്തില് അധ്യാപകരുടെയും ജീവനക്കാരുടെയും പങ്ക് അന്വേഷിക്കണമെന്നും മാതാപിതാക്കള് ആവശ്യപ്പെട്ടു. അമൈറയുടെ പിതാവ് സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ്. മാതാവ് ബാങ്ക് ജീവനക്കാരിയും. ഇവരുടെ ഏകമകളാണ് ഒന്പതുവയസുകാരിയായ അമൈറ.

