ഇന്ത്യയിലെ ആരോഗ്യപരിപാലന രംഗത്തെ വേഗതയും വിദഗ്ദ്ധ ഡോക്ടർമാരെ നേരിൽ കാണാനുള്ള എളുപ്പവഴികളും കേട്ട് യൂറോപ്പിലെ ഡോക്ടർമാർ അത്ഭുതപ്പെട്ടതായി വെളിപ്പെടുത്തി ഇന്ത്യൻ ഡോക്ടറുടെ ഇൻസ്റ്റാഗ്രാം വീഡിയോ. ക്യാൻസർ രോഗ വിദഗ്ദ്ധനായ ഡോ. പാലക് ഭട്ട് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
യൂറോപ്പിൽ വെച്ച് നടന്ന ഒരു പാലിയേറ്റീവ് കെയർ സമ്മേളനത്തിനിടെ അവിടെയുള്ള ഡോക്ടർമാരുമായി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലാണ് അദ്ദേഹം ഇന്ത്യയിലെ ചികിത്സാ രീതികളെക്കുറിച്ച് വിശദീകരിച്ചത്.
ഇന്ത്യയിൽ കാൻസറോ മറ്റ് രോഗലക്ഷണങ്ങളോ സംശയിക്കുന്ന ഒരു രോഗിക്ക് അന്നേ ദിവസം തന്നെ സ്പെഷ്യലിസ്റ്റ് ഡോക്ടറെ കാണാനും, MRI, ബയോപ്സി (Biopsy) തുടങ്ങിയ പരിശോധനകൾ നടത്താനും സാധിക്കും. 3-4 ദിവസത്തിനകം റിപ്പോർട്ട് ലഭിക്കുകയും ഒരാഴ്ചയ്ക്കുള്ളിൽ ചികിത്സ ആരംഭിക്കുകയും ചെയ്യാം.
യൂറോപ്പിൽ ഒരു ജനറൽ പ്രാക്ടീഷണറെ കാണാൻ പോലും 4 മുതൽ 5 ദിവസം വരെ കാത്തിരിക്കേണ്ടി വരുമെന്ന് യൂറോപ്യൻ ഡോക്ടർമാർ സമ്മതിച്ചതായി ഡോ. പാലക് പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വിദേശത്ത് ജീവിക്കുന്ന നിരവധി ഇന്ത്യക്കാരും തങ്ങളുടെ മോശം അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്. നെതർലാൻഡ്സ്, പാരിസ് തുടങ്ങിയ രാജ്യങ്ങളിൽ ശസ്ത്രക്രിയകൾക്കും വിദഗ്ദ്ധ പരിശോധനകൾക്കുമായി മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നതായി പലരും കമന്റുകളിൽ കുറിച്ചു.
