ആഫ്രിക്കൻ സഫാരി: പെൺപുലി കടിച്ചുകീറി, ആൺപുലി ഗർജിച്ചു

കിം​ബെ​ര്‍ലി: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ പെ​ണ്‍പു​ലി​ക​ളു​ടെ ആ​ഫ്രി​ക്ക​ന്‍ ഗ​ര്‍ജ​നം തു​ട​രു​ന്നു. ഐ​സി​സി വി​മ​ന്‍ ചാ​മ്പ്യ​ന്‍ഷി​പ്പ് ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ലും ഇ​ന്ത്യ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രേ ഉ​ജ്വ​ല വി​ജ​യം.

178 റ​ണ്‍സി​നാ​ണ് ഇ​ന്ത്യ വി​ജ​യ​സോ​പാ​ന​മേ​റി​യ​ത്. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലും മി​ന്നും ബാ​റ്റിം​ഗ് പ്ര​ക​ട​നം ന​ട​ത്തി​യ സ്മൃ​തി മ​ന്ദാ​ന​യാ​ണ് ജ​യം അ​നാ​യാ​സ​മാ​ക്കി​യ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ര്യ​ട​ന​ത്തി​ലെ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ലും ഒ​റ്റ​യാ​ള്‍ പ്ര​ക​ട​ന​ത്തി​ലൂ​ടെ മന്ദാന ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഓ​പ്പ​ണ​റാ​യി​റ​ങ്ങി 44-ാം ഓ​വ​ര്‍ വ​രെ ക്രീ​സി​ല്‍നി​ന്ന മ​ന്ദാ​ന​യു​ടെ സെ​ഞ്ചു​റി മി​ക​വി​ല്‍ ഇ​ന്ത്യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു മു​ന്നി​ല്‍ ഉ​യ​ര്‍ത്തി​യ​ത് 303 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യ​മാ​യി​രു​ന്നു. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 302 റ​ണ്‍സെ​ടു​ത്തു.

129 പ​ന്തി​ല്‍ 14 ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സു​മ​ട​ക്കം 135 റ​ണ്‍സാ​ണ് മ​ന്ദാ​ന അ​ടി​ച്ചു​കൂ​ട്ടി​യ​ത്. മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബാ​റ്റിം​ഗ് നി​ര ചീ​ട്ടു​കൊ​ട്ടാ​രം​പോ​ലെ ത​ക​ര്‍ന്ന​ടി​ഞ്ഞു. 30.5 ഓ​വ​റി​ല്‍ 124 റ​ണ്‍സി​ന് പു​റ​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ അ​വ​സാ​ന നാ​ലു വി​ക്ക​റ്റു​ക​ള്‍ 14 റ​ണ്‍സെ​ടു​ക്കു​ന്നതിനി​ടെ, നി​ലം​പൊ​ത്തി. മ​ന്ദാ​ന​യാ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്.

മന്ദാന എ​ല്ലാ താ​ര​ങ്ങ​ള്‍ക്കൊ​പ്പ​വും അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ര്‍ത്തി. ഹ​ര്‍മ​ന്‍പ്രീ​തി​നൊ​പ്പം സെ​ഞ്ചു​റി (134) കൂ​ട്ടു​കെ​ട്ടും സ്മൃ​തി പ​ടു​ത്തു​യ​ര്‍ത്തി ഒ​ന്നാം വി​ക്ക​റ്റി​ല്‍ പൂ​നം റാ​വ​ത്തി​നൊ​പ്പ​വും (56) ര​ണ്ടാം വി​ക്ക​റ്റി​ല്‍ ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജി​നൊ​പ്പ​വും ആയിരുന്നു അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട്. മന്ദാനയുടെ മൂ​ന്നാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണി​ത്. മന്ദാന പു​റ​ത്താ​യ​ശേ​ഷം അ​ഞ്ചാം വി​ക്ക​റ്റി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച ഹ​ര്‍മ​ന്‍പ്രീത് കൗ​ര്‍-​വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി സ​ഖ്യ​വും അ​ര്‍ധ​സെ​ഞ്ചു​റി കൂ​ട്ടു​കെ​ട്ട് (61) തീ​ര്‍ത്തു.

69 പ​ന്തി​ല്‍ ര​ണ്ടു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും ഉ​ള്‍പ്പെ​ടെ 55 റ​ണ്‍സാ​ണ് ഹ​ര്‍മ​ന്‍പ്രീ​ത് നേ​ടി​യ​ത്. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച വേ​ദ കൃ​ഷ്ണ​മൂ​ര്‍ത്തി ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 300 ക​ട​ത്തി. 33 പ​ന്തി​ല്‍ ആ​റു ബൗ​ണ്ട​റി​യും ഒ​രു സി​ക്‌​സും ഉ​ള്‍പ്പെ​ടെ​ വേ​ദ 51 റ​ണ്‍സെ​ടു​ത്തു.​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി റെ​യ്‌​സീ​ബ് എ​ന്‍ടോ​സ​ഖെ, സ്യൂ​ന്‍ ലൂ​സ്, മ​സ​ബാ​ട ക്ലാ​സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു വേ​ണ്ടി ഓ​പ്പ​ണ​ര്‍ ലി​സെ​ല്ലെ ലീ (73) ​മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഒ​മ്പ​തു ബാ​റ്റ്‌​സ്‌​വു​മ​ണ്‍മാ​ര്‍ ര​ണ്ട​ക്കം കാ​ണാ​തെ പു​റ​ത്താ​യി. ഇ​ന്ത്യ​ക്കു വേ​ണ്ടി പൂ​നം യാ​ദ​വ് 7.5 ഓ​വ​റി​ല്‍ 24 റ​ണ്‍സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. അ​തി​നി​ടെ, ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ബൗ​ള​ര്‍ ജു​ല​ന്‍ ഗോ​സ്വാ​മി ഏ​ക​ദി​ന​ക്രി​ക്ക​റ്റി​ല്‍ 200 വി​ക്ക​റ്റ് എ​ന്ന സു​വ​ര്‍ണ നേ​ട്ടം കൊ​യ്തു. 2002ല്‍ ​അ​ര​ങ്ങേ​റി​യ ജു​ല​ന്‍ 166 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്നാ​ണ് 200 വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. പ​ര​മ്പ​ര​യി​ല്‍ ഇ​നി ഒ​രു മ​ത്സ​രം കൂ​ടി അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. പ​ത്തി​നാ​ണ് അ​ത്.

ആ​ദ്യ ഏ​ക​ദി​ന​ത്തി​ലും ഇ​ന്ത്യ​ക്കാ​യി​രു​ന്നു വി​ജ​യം. ആ ​മ​ത്സ​ര​ത്തി​ല്‍ മ​ന്ദാ​ന 84 റ​ണ്‍സ് നേ​ടി​യി​രു​ന്നു. മൂ​ന്നു മ​ല്‍സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ല്‍സ​രം 88 റ​ണ്‍സി​നാ​ണ് ഇ​ന്ത്യ ജ​യി​ച്ച​ത്. നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 213 റ​ണ്‍സെ​ടു​ത്ത ഇ​ന്ത്യ 43.2 ഓ​വ​റി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 125ന് ​പു​റ​ത്താ​ക്കി​യാ​ണ് വി​ജ​യം പി​ടി​ച്ചെ​ടു​ത്ത​ത്. അ​ര്‍ധ സെ​ഞ്ചു​റി നേ​ടി​യ സ്മൃ​തി മ​ന്ദാ​ന​യു​ടെ​യും ക്യാ​പ്റ്റ​ന്‍ മി​താ​ലി രാ​ജി​ന്‍റെ​യും (45) പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്കു ക​രു​ത്താ​യ​ത്. ലോ​ക​ക​പ്പി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ വ​നി​ത​ക​ള്‍ ഒ​രു പ​ര​മ്പ​ര​യി​ല്‍ ക​ളി​ക്കു​ന്ന​ത്.

കേ​പ്ടൗ​ണ്‍: പു​രു​ഷ​ടീ​മും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം തു​ട​രു​ന്നു. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ബാ​റ്റ് വീ​ണ്ടും ഗ​ർ​ജി​ച്ച​പ്പോ​ൾ കേ​പ്ടൗ​ണ്‍ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു 124 റൺസിന്‍റെ കൂറ്റൻ വിജയം‍. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇ​ന്ത്യ നി​ശ്ചി​ത 50 ഓ​വ​റി​ല്‍ ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 303 റ​ണ്‍സ് നേ​ടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറിൽ 179 റൺസിന് എല്ലാവ രും പുറത്തായി. ഇതോടെ ആറ് മത്സര പരന്പരയിൽ ഇന്ത്യ 3-0നു മുന്നിലെത്തി. കോഹ്‌ലി മാൻ ഓഫ് ദ മാച്ചായി.

160 റ​ണ്‍സ് നേ​ടി​ പുറത്താകാതെനിന്ന വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്‌​സാ​ണ് ഇ​ന്ത്യ​ക്കു കരുത്തായത്. 119 പ​ന്തി​ല്‍നി​ന്നു സെ​ഞ്ചു​റി തി​ക​ച്ച കോ​ഹ്‌​ലി 159 പ​ന്തി​ല്‍നി​ന്ന് 12 ബൗ​ണ്ട​റി​ക​ളും ര​ണ്ടു സി​ക്‌​സ​റു​ക​ളു​മ​ട​ക്കമാണ് 160 റ​ണ്‍സ് നേടിയത്. ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​നും ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ബൗ​ളിം​ഗി​നെ ത​ച്ചു​ട​ച്ചു. ധ​വാ​ന്‍ 63 പ​ന്തി​ല്‍ 76 റ​ണ്‍സ് നേ​ടി. തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം മ​ത്സ​ര​ത്തി​ലാ​ണ് ധ​വാ​ന്‍ അ​ര്‍ധ​സെ​ഞ്ചു​റി നേ​ടു​ന്ന​ത്. ധ​വാ​ന്‍- കോ​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് ര​ണ്ടാം വി​ക്ക​റ്റി​ല്‍ 140 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി പാ​ര്‍ട്ട് ടൈം ​സ്പി​ന്ന​ര്‍ ജെ.​പി.​ഡു​മി​നി ര​ണ്ടു വി​ക്ക​റ്റ് നേ​ടി.

രോ​ഹി​ത് ശ​ര്‍മ(0), ര​ഹാ​നെ(11), ഹാ​ര്‍ദി​ക്(14), ധോ​ണി(10), കേ​ദാ​ര്‍ യാ​ദ​വ്(1) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു ബാ​റ്റ്‌​സ്മാ​ന്‍മാ​രു​ടെ സം​ഭാ​വ​ന. പി​രി​യാ​ത്ത ഏ​ഴാം വി​ക്ക​റ്റി​ല്‍ ഭു​വ​നേ​ശ്വ​ര്‍ കു​മാ​റി(16) നൊ​പ്പം കോ​ഹ്‌​ലി 67 റ​ണ്‍സ് അ​ടി​ച്ചു​കൂ​ട്ടി ഇ​ന്ത്യ​യെ 300 ക​ട​ത്തി. ക​രി​യ​റി​ലെ 34-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യാ​ണ് കോ​ഹ്‌​ലി കേ​പ്ടൗ​ണി​ല്‍ കു​റി​ച്ച​ത്. 49 സെ​ഞ്ചു​റി​ക​ള്‍ നേടി​യ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​റി​ന്‍റെ റി​ക്കാ​ര്‍ഡ് കോ​ഹ്‌ലി​ക്കു മു​ന്നി​ല്‍ ശേ​ഷി​ക്കു​ന്നു.

പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ സെ​ഞ്ചു​റി നേ​ടി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ച്ച കോ​ഹ്‌​ലി, ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ പു​റ​ത്താ​കാ​തെ​നി​ന്നി​രു​ന്നു. മൂ​ന്നു മ​ത്സ​ര​ങ്ങ​ൾ​ക്കി​ടെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ സെ​ഞ്ചു​റി​യാ​ണി​ത്. അതുപോലെ നായകനെന്ന നിലയിൽ കോഹ്‌ലിയുടെ 12-ാം സെഞ്ചുറി കൂടിയാണിത്. 22 സെഞ്ചുറിയുള്ള റിക്കി പോണ്ടിംഗും 13 സെഞ്ചുറിയുള്ള എ.ബി. ഡിവില്യേഴ്സുമാണ് ഇക്കാര്യത്തിൽ മുന്നിൽ.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് തു​ട​ക്ക​ത്തി​ലെ ഹ​ഷിം അം​ല​യു​ടെ വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ടു. ഒ​രു റ​ണ്ണെ​ടു​ത്ത അം​ല​യെ ബും​റ വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ക്രീ​സി​ൽ ഒ​ത്തു​ചേ​ർ​ന്ന നാ​യ​ക​ൻ മാ​ർ​ക്രാ​മും ഡു​മി​നി​യും ചേ​ർ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ക​ര​ക​യ​റ്റി. എ​ന്നാ​ൽ, കു​ൽ​ദീ​പി​ന്‍റെ പ​ന്തി​ൽ സ്റ്റം​പ് ചെ​യ്ത് മാ​ർ​ക്രാം പു​റ​ത്താ​യ​തോ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക ത​ള​ർ​ന്നു. മ​ഹേ​ന്ദ്ര​സിം​ഗ് ധോ​ണി​യു​ടെ 400-ാമ​ത്തെ ഇ​ര​യാ​യി​രു​ന്നു മാ​ർ​ക്രാം. പിന്നെയെല്ലാം ചടങ്ങുമാത്രമായി. ജെ.പി. ഡുമിനി 51 റൺസ് നേടി ടോപ് സ്കോററായി. ഇന്ത്യക്കു വേണ്ടി ഒരിക്കൽക്കൂടി ചാഹലും കുൽദീപും (നാലു വിക്കറ്റ് വീതം) തിളങ്ങി.

Related posts