സ്വപ്നം ഖത്തർ

ഗോഹട്ടി: ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​വീ​ണ്ടും പോ​രാ​ട്ട വേ​ദി​യി​ല്‍. 2022 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ യോ​ഗ്യ​ത​യ്ക്കു​ള്ള ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ഇ​ന്ന് ഒ​മാ​നെ​തി​രേ ഇ​റ​ങ്ങും. ഗോഹട്ടി​യി​ല്‍ ഇ​ന്ദി​രാ ഗാ​ന്ധി അ​ത്‌​ല​റ്റി​ക് സ്റ്റേഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. ലോ​ക​ക​പ്പി​നൊ​പ്പം ഏ​ഷ്യ​ന്‍ ക​പ്പി​നു​ള്ള യോ​ഗ്യ​ത​യും കൂ​ടി​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​മ​ത്സ​രം ക​ഴി​ഞ്ഞ് യോ​ഗ്യ​ത​യി​ല്‍ ഇ​ന്ത്യ എ​വേ മ​ത്സ​ര​ത്തി​ല്‍ 10-ാം തീയതി ഖ​ത്ത​റി​നെ നേ​രി​ടും.

പു​തി​യ പ​രി​ശീ​ല​ക​ന്‍ ഇ​ഗ​ര്‍ സ്റ്റി​മാ​ച്ചി​നു കീ​ഴി​ല്‍ ഇ​ന്ത്യ പു​തി​യ ച​രി​ത്രം കു​റി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. പ്ര​ധാ​ന ക​ളി​ക്കാ​രെ​യെ​ല്ലാം ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് അ​ദ്ദേ​ഹം ദേ​ശീ​യ ക്യാം​പ് നടത്തിയ​ത്. സ്റ്റി​മാ​ച്ചി​നു കീ​ഴി​ല്‍ ഇ​ന്ത്യ അ​ഞ്ചു ക​ളി​യി​ല്‍ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും മൂ​ന്നു തോ​ല്‍വി​യിലുമാ​ണ്. കിം​ഗ്‌​സ് ക​പ്പി​ല്‍ താ​യ്‌​ല​ന്‍ഡി​നെ​തി​രേ​യാ​യി​രു​ന്നു ഏ​ക ജ​യം. ടീ​മി​ലു​ള്ള പ​ല ക​ളി​ക്കാ​ര്‍ക്കും കിം​ഗ്‌​സ് ക​പ്പി​ലും ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ലും അ​വ​സ​രം ല​ഭി​ച്ചി​രു​ന്നു.

ഗ്രൂ​പ്പ് ഇ​യി​ല്‍ ഇ​ന്ത്യ​ക്കും ഒ​മാ​നും പു​റ​മെ ഖ​ത്ത​ര്‍, അ​ഫ്ഗാ​നി​സ്ഥാ​ന്‍, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ളാ​ണു​ള്ള​ത്. അ​ഫ്ഗാ​നും ബം​ഗ്ലാ​ദേ​ശും റാ​ങ്കിം​ഗി​ല്‍ താ​ഴെ​യാ​ണ്. ഗ്രൂ​പ്പി​ലെ ക​രു​ത്ത​രാ​ണ് ഖ​ത്ത​റും ഒ​മാ​നും. ഇ​തി​ല്‍ ഏ​ഷ്യ​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​റാ​ണ് ഏ​റ്റ​വും വ​ലി​യ എ​തി​രാ​ളി​ക​ള്‍. ഇ​തു​കൊ​ണ്ട് ത​ന്നെ ഖ​ത്ത​റി​നെ​തി​രേ​യു​ള്ള മ​ത്സ​ര​ത്തി​നു മു​മ്പ് ഒ​മാ​നെ​തി​രേ ജ​യി​ച്ച് ആ​ത്മ​വി​ശ്വാ​സം നേ​ടു​ക​യാ​ണ് ഇ​ന്ത്യ​യു​ടെ ല​ക്ഷ്യം.

നി​ല​വി​ല്‍ 103-ാം റാ​ങ്കി​ലാ​ണ് ഇ​ന്ത്യ. ഗ്രൂ​പ്പു​ക​ളി​ലെ മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്കും ലോ​ക​ക​പ്പ് യോ​ഗ്യ​ത​യു​ടെ മൂ​ന്നാം റൗ​ണ്ടി​ല്‍ ക​ട​ക്കാ​നാ​കും. ഇ​തു​കൊ​ണ്ട് ത​ന്നെ വി​ജ​യം​ത​ന്നെ​യാ​ണ് ഇ​ന്ത്യ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഫി​ഫ റാ​ങ്കിം​ഗി​ല്‍ ഒ​മാ​ന്‍ 87-ാം സ്ഥാ​ന​ത്താ​ണ്. ഒ​മാ​നാ​ണ് ക​രു​ത്ത​രെ​ങ്കി​ലും ഹോം ​ഗ്രൗ​ണ്ടി​ന്‍റെ ആ​നു​കൂ​ല്യം വി​ജ​യ​മാ​ക്കാ​നാ​ണ് സു​നി​ല്‍ ഛേത്രി​യും കൂ​ട്ട​രും ശ്ര​മി​ക്കു​ക.

എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പി​നു മു​മ്പ് ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യും ഒ​മാ​നും അ​വ​സാ​ന​മാ​യി ഏ​റ്റു​മു​ട്ടി​യ​ത്. ആ ​മ​ത്സ​രം ഗോ​ള്‍ര​ഹി​ത സ​മ​നി​ല​യാ​കു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ ഇ​രു​ടീ​മും പു​തി​യ പ​രി​ശീ​ല​ക​ര്‍ക്കു കീ​ഴി​ല്‍ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യാ​ണ് ഏ​റ്റു​മു​ട്ടാ​നി​റ​ങ്ങു​ന്ന​ത്. ഒ​മാ​നാ​ണെ​ങ്കി​ല്‍ പു​തി​യ പ​രി​ശീ​ല​ക​ന്‍ എ​ര്‍വി​ന്‍ കോ​മാ​ന്‍റെ കീ​ഴി​ല്‍ ക​ളി​ച്ച മൂ​ന്നു ക​ളി​യി​ലും ജ​യി​ച്ചി​ട്ടു​ണ്ട്. ശാ​രീ​രി​ക​മാ​യ ക​രു​ത്തും ഒ​പ്പം മ​ധ്യ​നി​ര​യി​ലെ മി​ക​വു​മാ​ണ് ഒ​മാ​നെ ഇ​ന്ത്യ​യി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​രാ​ക്കു​ന്ന​ത്.

2018 ലോ​ക​ക​പ്പ് യോ​ഗ്യ​ത​യി​ല്‍ ഇ​ന്ത്യ ഒ​മാ​നോ​ട് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും തോ​റ്റി​രു​ന്നു. ടീ​മെ​ന്ന നി​ല​യി​ല്‍ ഒ​രു​മി​ച്ചും പേ​ടി​ക്കാ​തെ​യും ക​ളി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് ഒ​മാ​നെ തോ​ല്‍പ്പി​ക്കാ​നാ​കു​മെ​ന്ന് ഗോ​ള്‍കീ​പ്പ​ര്‍ ഗു​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു പ​റ​ഞ്ഞു.

നേ​​ർ​​ക്കു​​നേ​​ർ

ഇ​​ന്ത്യ ഒമാൻ

103 ഫി​​ഫ റാ​​ങ്ക് 87
00 ജ​​യം 07
03 സ​​മ​​നി​​ല 03

Related posts