ഏപ്രിൽ 11ന് മഹാരാജ യാദവീന്ദ്ര സിംഗ് പിസിഎ സ്റ്റേഡിയത്തിൽ നടന്ന സൺറൈസേഴ്സ് ഹൈദരാബാദ് – പഞ്ചാബ് കിംഗ്സ് മത്സരത്തിനിടെയാണ് സംഭവം. മത്സരം കാണാനെത്തിയ മധു പ്രിയ, ഗാലറിയിലിരുന്ന് റീൽസ് വീഡിയോ ചിത്രീകരിക്കുന്നതിനിടയി തന്റെ വിരലിൽ കിടന്ന മോതിരം ഊരിപ്പോയി.
പിന്നീട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ, ഇരുന്ന സീറ്റിന് ചുറ്റും പരിസരങ്ങളിലും അവർ മോതിരത്തിനായി തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായില്ല. 70,000 രൂപയുടെ നഷ്ടം സംഭവിച്ചു. മോതിരം ഇതുവരെ ലഭിച്ചില്ല, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിലെ ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ ദയവായി ഞങ്ങളുടെ മോതിരം കണ്ടെത്താൻ സഹായിക്കുക. ഞങ്ങൾക്ക് മെസ്സേജ് അയക്കുകയാണെങ്കിൽ ടിക്കറ്റ് വിവരങ്ങൾ കൈമാറാം എന്നും യുവതി പറഞ്ഞു. ഈ വീഡിയോ പങ്കുവച്ചുകൊണ്ട് തനിക്കുണ്ടായ വലിയ നഷ്ടത്തെക്കുറിച്ച് മധു പ്രിയ വെളിപ്പെടുത്തി. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഇന്റർനെറ്റിൽ ലഭിക്കുന്നത്.
ചിലർ ഇതിനെ തമാശയായി കണ്ടപ്പോൾ മറ്റു ചിലർ ഉപദേശങ്ങളുമായി രംഗത്തെത്തി. അടുത്ത തവണ വീഡിയോ എടുക്കുമ്പോൾ മോതിരത്തിൽ നൂല് കെട്ടിയിടണം, എന്നിങ്ങനെയുള്ള രസകരമായ കമന്റുകളും തിരക്കേറിയ സ്ഥലങ്ങളിൽ പോകുമ്പോൾ വിലകൂടിയ സ്വർണ്ണാഭരണങ്ങൾ ധരിക്കരുതെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.
