മതാധിഷ്ഠിത ഭരണത്തിനെതിരെ പ്രതിഷേധം! ഇറാനില്‍ യുവാവിനെ തൂക്കിലേറ്റി

ടെഹ്റാന്‍: ഇറാനിലെ മതാധിഷ്ഠിത ഭരണത്തിനെതിരെ പ്രതിഷേധിച്ച 23 വയസുകാരനെ തൂക്കിലേറ്റി.

തിങ്കളാഴ്ച പുലര്‍ച്ചെ മഷാദ് നഗരത്തിലാണ് മജിദ്രേസാ റഹ്നാവാര്‍ദ് എന്ന യുവാവിന്‍റെ വധശിക്ഷ നടപ്പിലാക്കിയത്. പരസ്യമായിട്ടാണ് ഭരണകൂടം ശിക്ഷ നടപ്പാക്കിയത്.

പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനാ ഉദ്യോഗസ്ഥരെ മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചുവെന്ന കുറ്റത്തിനാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് ഇറാന്‍ വിശദീകരിക്കുന്നത്.

കഴിഞ്ഞ വ്യാഴാഴ്ച ടെഹ്റാനടുത്തുള്ള ജയിലില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത മറ്റൊരു യുവാവിന്‍റെയും വധശിക്ഷ നടപ്പാക്കിയിരുന്നു.

ദൈവത്തിനെതിരായി യുദ്ധം നടത്തി എന്നതായിരുന്നു ആ യുവാവിന് മേല്‍ ആരോപിച്ച കുറ്റം.

രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടയിലാണ് രണ്ടാമത്തെ വധശിക്ഷ ഇറാന്‍ നടപ്പിലാക്കുന്നത്.

സെപ്റ്റംബര്‍ 13ന് ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരില്‍ ഇറാനിലെ മത പോലീസ് കസ്റ്റഡിയിലെടുത്ത മഹസ അമിനിയുടെ മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം രണ്ടുമാസത്തോളമാണ് രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഇറാന്‍റെ സുരക്ഷാ സേന നൂറുകണക്കിന് ഇറാനികളെ കൊന്നൊടുക്കി. കൂട്ട അറസ്റ്റുകളും മര്‍ദനങ്ങളും, സൈനിക ആക്രമണങ്ങളും സേന നടത്തി.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപക വിമര്‍ശനം നേരിട്ടതിന് പിന്നാലെ ഇറാനിലെ മതകാര്യ പോലീസ് സംവിധാനം ഭരണകൂടം പിരിച്ചുവിട്ടിരുന്നു.

പ്രക്ഷോഭത്തില്‍ 450 പ്രതിഷേധക്കാരെങ്കിലും മരിച്ചതായി മനുഷ്യാവകാശ സംഘടനകളും 14,000 പേര്‍ അറസ്റ്റിലായതായി ഐക്യരാഷ്ട്രസഭയും പറയുന്നു.

പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചിട്ടുള്ള നിരവധിപേരാണ് ഇറാനിലെ ജയിലുകളിലുള്ളത്.

Related posts

Leave a Comment