‘യാത്ര എങ്ങിനെ തുടങ്ങുന്നു എന്നതിലല്ല കാര്യം’! ഇത് വല്ലാത്ത ട്രോളായിപ്പോയി ഏമാന്മാരേ…

പുള്ളാവൂര്‍ പുഴയില്‍ ഫുട്ബാള്‍ ആരാധകര്‍ സ്ഥാപിച്ച് ആഗോള ശ്രദ്ധ നേടിയ ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും നെയ്മറുടെയും കട്ടൗട്ടുകള്‍ ഉപയോഗിച്ച് കേരള പോലീസിന്‍റെ ട്രാഫിക് ബോധവത്കരണം.

ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ക്രിസ്റ്റ്യാനോയുടെയും നെയ്മറിന്‍റെയും പുറത്താകലിനെ പരോക്ഷമായി ട്രോളിക്കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.

താരങ്ങളുടെ മുഖത്ത് വിവിധ നിറങ്ങളിലുള്ള സിഗ്നല്‍ ലൈറ്റുകള്‍വച്ചാണ് ബോധവത്കരണം.

നെയ്മര്‍ അപകടമാകുമ്പോള്‍ (ചുവപ്പ്), ക്രിസ്റ്റ്യാനോയുടെ മുഖത്ത് (മഞ്ഞ) വിവേകത്തോടെ മുന്നേറണമെന്നും മെസിയുടെ മുഖത്ത് (പച്ച) ലൈറ്റും വച്ചുകൊണ്ടാണ് ബോധവത്കരണം.

അതിനൊപ്പം ചെറു കുറിപ്പുമുണ്ട്. യാത്ര എങ്ങനെ തുടങ്ങുന്നു എന്നതിലല്ല, ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിച്ച് വിവേകപൂര്‍വം മുന്നോട്ടു പോകുന്നവരാണ് സുരക്ഷിതമായി ലക്ഷ്യത്തില്‍ എത്തുന്നത്. പോസ്റ്റില്‍ പറയുന്നു.

മെസി ടീമിന്‍റെ ആദ്യമല്‍സരത്തിലെ തോല്‍വിയും പിന്നീടുള്ള മുന്നേറ്റവുമാണ് ഇതിലൂടെ ട്രാഫിക് പോലീസ് മുന്നോട്ടുവയ്ക്കുന്നത്.

നെയ്മര്‍, റൊണാള്‍ഡോ ടീമുകള്‍ പുറത്തായതും കളര്‍ നല്‍കി വ്യക്തമാക്കുകയാണ് പോലീസ്. ഇതിനു താഴെ നിരവധി ആരാധക കമന്‍റുകളാണ് വരുന്നത്.

‘ഇതു ഒരുമാതിരി വല്ലാത്ത ട്രോളായി പോയെ’ന്നാണ് അര്‍ജന്‍റിനയുടെ ആരാധകര്‍ ഒഴികെയുള്ളവരുടെ ആത്മ രോഷം.

എന്തായാലും ഓടിക്കൊണ്ടിരിക്കുന്ന കളി ആവേശത്തിനിടെ തങ്ങളുടെ ബോധവത്കരണം നന്നായി ഏല്‍ക്കുന്നതറിഞ്ഞ സന്തോഷത്തിലാണ് ഏമാന്‍മാര്‍.

Related posts

Leave a Comment