ടെഹ്റാൻ: ഇറാൻ തുറമുഖങ്ങൾ ഉപരോധിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ, അമേരിക്കയിലെ ഇന്ധനവില വർധനയെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ്.
ഇപ്പോഴത്തെ ഇന്ധനവില ഭാവിയിൽ അമേരിക്കക്കാർക്ക് “മധുരമുള്ള ഓർമ’ മാത്രമായി മാറുമെന്നും ഘാലിബാഫ് പരിഹസിച്ചു. അമേരിക്കയിലെ ഇപ്പോഴത്തെ പെട്രോൾ വിലയുടെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ഘാലിബാഫ് എക്സിലൂടെ പ്രതികരണം നടത്തിയത്.
“ഇപ്പോഴത്തെ വിലയിൽ സന്തോഷിച്ചോളു. ഉപരോധം വരുന്നതോടെ 4-5 ഡോളറിന് ഇന്ധനം കിട്ടിയിരുന്ന കാലം ഓർമ മാത്രമാകും.’ ഇറാൻ സ്പീക്കർ കുറിച്ചു. എണ്ണവിലയിലെ വർധന ലളിതമായ ഒന്നല്ലെന്നും അത് ആവർത്തിച്ചുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൂചിപ്പിക്കാൻ ഒരു ഗണിതശാസ്ത്ര സമവാക്യവും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തു.
പാക്കിസ്ഥാനിൽ നടന്ന ഇറാൻ-യുഎസ് വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്നു ട്രംപ് പ്രഖ്യാപിച്ചത്. ഇറാനിലെ എല്ലാ തുറമുഖങ്ങളിലേക്കുമുള്ള കപ്പലുകൾ തടയുമെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ ഇതര തുറമുഖങ്ങളിലേക്കുള്ള കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാമെങ്കിലും ഇറാനുമായി ബന്ധപ്പെട്ട ഗതാഗതത്തിനു പൂർണവിലക്ക് ഏർപ്പെടുത്താനാണു നീക്കം.
ഉപരോധ പ്രഖ്യാപനത്തിനു പിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയർന്നു. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് എണ്ണവില എട്ട് ശതമാനം വർധിച്ച് ബാരലിന് 104.50 ഡോളറിലെത്തി. രാജ്യാന്തര ബെഞ്ച്മാർക്കായ ബ്രെന്റ് ക്രൂഡ് ഏഴ് ശതമാനം വർധിച്ച് 102 ഡോളറിലെത്തിയിട്ടുണ്ട്. ഈ സാഹചര്യം ഏഷ്യൻ ഓഹരി വിപണികളിലും ഇടിവുണ്ടാക്കാൻ കാരണമായി.
