ബീജിംഗ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിൽ. ഒൻപത് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റിന്റെ ചൈനാ സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തും.
ഫെബ്രുവരി എട്ടിന് ആരംഭിച്ച ഇറാൻ യുദ്ധത്തെത്തുടർന്ന് അടഞ്ഞുകിടക്കുന്ന ഹോർമുസ് കടലിടുക്കു തുറക്കുന്നതിനും യുദ്ധം അവസാനിപ്പിക്കുന്നതിനും ചൈനയുടെ മേൽ ട്രംപ് സമ്മർദം ചെലുത്തുമെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ഇറാൻ വിഷയത്തിൽ തനിക്ക് ചൈനയുടെ സഹായം ആവശ്യമില്ലെന്നു യാത്രയ്ക്കു മുന്നോടിയായി ട്രംപ് മാധ്യമങ്ങളോടു പറഞ്ഞു. സമാധാനപരമായോ അല്ലാതെയോ അമേരിക്ക ഈ യുദ്ധം ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചർച്ചകളിൽ ബീജിംഗിനു മധ്യസ്ഥനാകാൻ കഴിയുമെന്ന് ചൈനയിലെ ഇറാൻ അംബാസഡർ റഹ്മാനി ഫസ്ലി അഭിപ്രായപ്പെട്ടു.
74 ദിവസം പിന്നിട്ട ഇറാൻ യുദ്ധത്തിനായി അമേരിക്ക ഇതുവരെ 2.77 ലക്ഷം കോടി രൂപ ചെലവഴിച്ചതായി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അറിയിച്ചു. ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയ ഉപരോധം നൂറുശതമാനം ഫലപ്രദമാണെന്നും ഉടൻ തന്നെ എണ്ണ ലഭ്യത വർധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
സമാധാന നിർദേശങ്ങളിൽ ഇറാന്റെ മറുപടി അമേരിക്ക തള്ളിയതോടെ നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ തടസപ്പെട്ടിരിക്കുകയാണ്. ഉപരോധം പിൻവലിക്കണമെന്നും മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം.
