ന്യൂഡൽഹി: ലോക പ്രശസ്ത കലാലായം, ഡൽഹി സെന്റ് സ്റ്റീഫൻസ് കോജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രിൻസിപ്പൽ സ്ഥാനത്തേക്ക്. മലയാളിയായ കംപ്യൂട്ടർ സയന്റിസ്റ്റ് പ്രൊഫ. സൂസൻ ഏലിയാസിനെ കോളജിന്റെ പതിനാലാമത് പ്രിൻസിപ്പലായി നിയമിച്ചു. ജൂൺ ഒന്നിന് അവർ ചുമതലയേറ്റെടുക്കും.
കോളജ് ചെയർമാനും ഡൽഹി ബിഷപ്പുമായ ഡോ. പോൾ സ്വരൂപാണു പുതിയ പ്രിൻസിപ്പലിനെ പ്രഖ്യാപിച്ചത്. സുപ്രീം കോടതി ജഡ്ജിമാർ, പ്രശസ്തരായ അഭിനേതാക്കൾ, കായിക താരങ്ങൾ തുടങ്ങി നിരവധി പ്രമുഖരെ വാർത്തെടുത്ത വിദ്യാലയത്തിന്റെ അമരത്തേക്ക് ആദ്യമായാണ് ഒരു വനിതയെത്തുന്നത്.
1950കളിൽ റാന്നിയിൽനിന്നു ചെന്നൈയിലെത്തിയ മലയാളികുടുംബത്തിലാണ് സൂസൻ ജനിച്ചത്. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗിൽ ഉന്നതബിരുദവും മൾട്ടിമീഡിയ കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട് സൂസൻ ഏലിയാസ്. തന്റെ കരിയറിലെ ആദ്യ ദശാബ്ദങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
സെന്റ് സ്റ്റീഫൻസിൽ എത്തുന്നതിനു മുൻപ് ചണ്ഡീഗഡ് യൂണിവേഴ്സിറ്റിയിൽ പ്രോ വൈസ് ചാൻസലർ (റിസർച്ച്) ആയും, ഹിന്ദുസ്ഥാൻ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഡയറക്ടറായും, വിഐടി ചെന്നൈയിൽ പ്രൊഫസറായും ഡീനായും സൂസൻ ഏലിയാസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൂസന്റെ ഭർത്താവ് തിരുവനന്തപുരം സ്വദേശിയാണ്. ചെന്നൈയിൽ ആർക്കിടെക്റ്റായി പ്രവർത്തിക്കുകയാണ് അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിലേക്കുള്ള കോളജിന്റെ ഈ ചുവടുവയ്പിനെ പൂർവ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ സ്വാഗതം ചെയ്തു. “ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാണ്, ഏറെ വൈകിയാണെങ്കിലും ഉചിതമായ തീരുമാനമാണിത്…’ എന്ന് മുൻ വിദ്യാർഥിയും എംപിയുമായ ശശി തരൂർ എക്സിൽ കുറിച്ചു.
1881-ൽ സ്ഥാപിച്ച സെന്റ് സ്റ്റീഫൻസിൽ 1928 മുതലാണ് പെൺകുട്ടികൾക്കു പ്രവേശനം നൽകിത്തുടങ്ങിയത്. എന്നാൽ 1975-ലാണ് ബിരുദ ക്ലാസുകളിൽ പെൺകുട്ടികൾക്കു പ്രവേശനം ലഭ്യമായത്.
