കണ്ണൂർ: ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ എല്ലാ ജയിലുകളിലും മത്സ്യഫെഡ് മത്സ്യം നൽകും. ഇനി മുതല്‍ തടവുകാര്‍ക്കുള്ള ഭക്ഷണമെനുവില്‍ ആഴ്ചയില്‍ രണ്ട് ദിവസം മത്സ്യവിഭവം നല്‍കും. 57 ജയിലുകളിലേക്കാണ് മത്സ്യം നൽകുന്നത്.
ജയില്‍ വകുപ്പും മത്സ്യഫെഡും തമ്മില്‍ ഇക്കാര്യത്തിൽ ധാരണയായി. ചില സമയങ്ങളിൽ ലഭ്യതക്കുറവു കാരണം മത്സ്യം ലഭിച്ചിരുന്നില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കാൻ കഴിയും.
25 മത്സ്യങ്ങളുടെ പട്ടികയാണ് മത്സ്യഫെഡ് ജയില്‍ വകുപ്പിനു നല്‍കിയത്. അതിൽ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. കറിക്കഷണങ്ങളാക്കിയാണ് മീനുകൾ ജയിലിലെത്തിക്കുന്നത്. ജയില്‍ കൗണ്ടറിലേക്കു മീന്‍ അച്ചാര്‍, ഉണക്കചെമ്മീന്‍ അച്ചാര്‍ എന്നിവയും മത്സ്യഫെഡ് നല്‍കുന്നുണ്ട്.
ഇവ പൊതുജനത്തിന് വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതാണെന്നും എംഡി ഡോ. പി സഹദേവന് പറഞ്ഞു.
