കിഷ്ത്വാർ: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പാകിസ്താനി ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് കമാൻഡർ ആദിലിനെ ഇന്ത്യൻ സൈന്യം വധിച്ചു. ഛത്രു വനമേഖലയിൽ നടന്ന നിർണായക ഓപ്പറേഷനിലാണ് ഇയാൾ കൊല്ലപ്പെട്ടത്.
കിഷ്ത്വാറിലെ ഛത്രു ബെൽറ്റിലുള്ള പസേർകുട്ട് മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കരസേനയും ജമ്മു കാഷ്മീർ പോലീസും സിആർപിഎഫും സംയുക്തമായി തിരച്ചിൽ നടത്തുകയായിരുന്നു.
കുന്നിൻചെരിവിലെ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ദീർഘനേരം നീണ്ടുനിന്ന വെടിവെപ്പിനൊടുവിൽ ആദിലിനെ വധിക്കുകയായിരുന്നു.
