ന്യൂഡൽഹി: അവയവദാനത്തിൽ പുതുചരിത്രം കുറിച്ച പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിനെയും കുടുംബത്തെയും റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്തിൽ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘എല്ലാമായ കുഞ്ഞിനെ നഷ്ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ടപ്പോൾ മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമിക്കപ്പെടും. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം. മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
അവയവദാനം മഹത് കൃത്യമാണ്. ആവശ്യമുള്ളവർക്ക് ദാനം ചെയ്യണം. അവയവദാനത്തിൽ ഇന്ത്യ മുന്നിലാണ്. മെഡിക്കൽ ഗവേഷണ രംഗവും മുൻപന്തിയിലാണ്. അവയവങ്ങൾ സ്വീകരിച്ച പലരും ഇന്ന് സാധാരണ ജീവിതം നയിക്കുന്നുണ്ട്. അവയവദാനത്തെ എന്നും പ്രോത്സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
