തൊടുപുഴ: അക്കാദമികരംഗത്തും ജീവിതത്തിലും അപൂർവനേട്ടങ്ങളുടെ കാൻവാസ് സ്വന്തമാക്കി കവിത ടീച്ചർ. ഇവർ നേടിയത് ഒന്നല്ല മൂന്നു റാങ്കുകളാണ്. കഴിഞ്ഞ ദിവസം ഇന്ദിരാഗാന്ധി ഓപ്പണ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ സൈക്കോളജിയിൽ മാസ്റ്റർ ബിരുദംകൂടി ലഭിച്ചതോടെ മൂന്നു മാസ്റ്റർ ബിരുദങ്ങളും ടീച്ചറിനു സ്വന്തം.
കലയന്താനി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായ ഇവർ ഒഡീഷയിലെ ബെരന്പൂർ യൂണിവേഴ്സിറ്റിയിൽനിന്നു ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, എംഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കുസാറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നിവയിലാണ് ഒന്നാം റാങ്ക് നേടിയത്. തന്റെ 47-ാമത്തെ വയസിൽ എം.എ സൈക്കോളജിയിൽ എടുത്ത മാസ്റ്റർ ബിരുദത്തിന് ഇരട്ടിമധുരമുണ്ട്.
ഭർത്താവ് ജോലി സംബന്ധമായി അഹമ്മദാബാദിലായതിനാൽ വീട്ടിലെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നടത്തുന്നതും ടീച്ചറാണ്. രാപകൽ ഭേദമന്യേ കഠിനാധ്വാനം ചെയ്യുന്ന ടീച്ചറിന്റെ ത്യാഗത്തിൽ ചാലിച്ചെടുത്ത ജീവിതം ഏവർക്കും മാതൃകയാണ്. അധ്യാപനജോലിയുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ അൽപംപോലും വിട്ടുവീഴ്ച ചെയ്യാൻ തയാറാകാത്ത പ്രകൃതമാണ് ഇവരുടേത്.
ഭാരിച്ച തിരക്കുകൾക്കിടയിലും അറിവിന്റെ നിധി തേടിയുള്ള യാത്രയിൽ തനിക്ക് തുണയും ധൈര്യവും പകർന്നത് ജീവിതപങ്കാളിയുടെയും മാതാപിതാക്കളുടെയും ഉറച്ച പിന്തുണയും പ്രോത്സാഹനവുമായിരുന്നുവെന്ന് പറയുന്പോൾ ടീച്ചറിന് നൂറുനാവ്. കോളജ് അധ്യാപക ദന്പതികളുടെ മകളായ ഇവരുടെ സ്കൂൾ വിദ്യാഭ്യാസം അവർക്കൊപ്പം ഒഡീഷയിലായിരുന്നു. 1999ൽ ബെരന്പൂർ യൂണിവേഴ്സിറ്റിയുടെ പ്ലസ് ത്രീ പരീക്ഷയിൽ ഇംഗ്ലീഷിന് യൂണിവേഴ്സിറ്റി ടോപ്പറായിരുന്നു.
റിട്ട. പ്രഫ. ഡോ. കെ.ഐ. തോമസ്-പരേതയായ ലില്ലി തോമസ് (റിട്ട. വൈസ് പ്രിൻസിപ്പൽ) ദന്പതികളുടെ മകളും അദാനി സോളാർ ഇന്ത്യ സെയിൽസ് മേധാവിയുമായ കോടിക്കുളം കള്ളികാട്ട് സെസിൽ അഗസ്റ്റിന്റെ ഭാര്യയുമാണ്. മകൾ റിയ പ്ലസ്ടുപരീക്ഷയിൽ 1200-ൽ മുഴുവൻ മാർക്കും നേടിയിരുന്നു. സിബിഎസ്ഇ സിലബസിൽ പഠിച്ച റിയ പ്ലസ്ടുവിലാണ് എയ്ഡഡ് സ്കൂളിലേക്ക് മാറിയത്.
കാളിയാർ സെന്റ് മേരീസ് എച്ച്എസ്എസിലായിരുന്നു പഠനം. നിലവിൽ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയാണ്. ഇളയമകൾ റ്റിയാര എട്ടാംക്ലാസിലാണ് പഠനം.
- ജെയിസ് വാട്ടപ്പിള്ളിൽ

