എല്ലാവർക്കും ജയയേ മതി..! എല്ലാവർക്കും ജയയേ വേണ്ടതിനാൽ വില കുറയ്ക്കാൻ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനം; ഓണത്തിന് വിലകുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് മൊത്ത വ്യാപാരികൾ

rice-lകൊല്ലം: അരിവില വർധന സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ ഡോ. മിത്ര റ്റി വിളിച്ചുചേർത്ത യോഗത്തിൽ ജയ അരി കിലോയ്ക്ക് ഒരു രൂപ കുറയ്ക്കാൻ ധാരണയായി. നിലവിലെ വിലയിൽ നിന്ന് ഒരു രൂപ ഉടൻ കുറയ്ക്കുമെന്ന് മൊത്തവ്യാപാരികൾ യോഗത്തിൽ അറിയിച്ചു.

ഓണത്തോടനുബന്ധിച്ച് ഒരു രൂപ കൂടി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ചില്ലറ വ്യാപാരികൾ പല വിലകളിൽ അരി വില്ക്കുന്നതാണ് പരാതികൾക്ക് കാരണമെന്ന് യോഗം വിലയിരുത്തി.

വില കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനും വ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ ഇടപെടണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. ആന്ധ്രയിൽ ജയ അരി ഉത്പാദനം നാൽപ്പത് ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ വിപണിയിൽ വില കുറയുന്ന സ്‌ഥിതിയാണുള്ളത്.

അമിത ലാഭത്തിനായി ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടി വില്പന നടത്തുന്നവർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കുറ്റക്കാർക്കെതിരെ അവശ്യ സാധന നിയമപ്രകാരവും പാക്ക്ഡ് കമ്മോഡിറ്റീസ് ആക്ട് പ്രകാരവും കേസ് എടുക്കും.

സിവിൽ സപ്ലൈസ്, ഭക്ഷ്യസുരക്ഷ, അളവ്–തൂക്ക വകുപ്പ്, റവന്യൂ, പോലീസ് സംയുക്‌ത സ്ക്വാഡുകളുടെ റെയ്ഡ് ശക്‌തമാക്കാനും കളക്ടർ നിർദേശം നൽകി. ജില്ലാ സപ്ലൈ ഓഫീസർ ഷാജി കെ. ജോൺ, ആന്ധ്രയിലെ അരിമില്ലുടമാ പ്രതിനിധികൾ, ഏജന്റുമാർ, വ്യാപാരി വ്യവസായി സംഘടനകൾ, ക്വയിലോൺ മർച്ചന്റ്സ് ചേമ്പർ ഓഫ് കോമേഴ്സ്പ്രതിനിധികൾ, താലൂക്ക് സപ്ലൈ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

Related posts