പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഈ മുറിവുകളെപ്പറ്റി എന്തുകൊണ്ട് പറയുന്നില്ല! ജിഷ്ണുവിന്‍റെ ശരീരത്തില്‍ കൂടുതല്‍ മുറിവുകള്‍; ഫോട്ടോകള്‍ പുറത്ത്

jishnu

തൃശൂര്‍: തിരുവില്വാമല പാന്പാടി നെഹ്‌റു കോളജില്‍ ആത്മഹത്യ ചെയ്ത  വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തില്‍ കൂടുതല്‍ മുറിവുകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. മരണത്തിനു ശേഷം പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണ് ജിഷ്ണുവിന്‍റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുള്ള ചിത്രം പുറത്തുവന്നത്.
കൈകളിലും വയറിന്‍റെ വശങ്ങളില്‍ അരക്കെട്ടിലും പരിക്കേറ്റ മുറിവുകളുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ ഈ മുറിവുകളെക്കുറിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ലെന്നതും ഗൗരവമര്‍ഹിക്കുന്നു.

ജിഷ്ണുവിന് മരണത്തിന് മുന്പ് മര്‍ദ്ദനമേറ്റിരുന്നതായി നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. മൂക്കിലെ മുറിവും മറ്റും ഇതിലേക്കാണ് വിരല്‍ചൂണ്ടിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ശരീരത്തിലെ മറ്റുഭാഗങ്ങളില്‍ മര്‍ദ്ദനമേറ്റ പോലുള്ള പരിക്കുകള്‍ കണ്ടെത്തിയിരിക്കുന്നത്. ഈ പരിക്കുകളെക്കുറിച്ച് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാനാണ് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പിജി വിദ്യാര്‍ഥിയാണ് ജിഷ്ണുവിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തതെന്നതും വിവാദമായിരുന്നു.

മൂക്കിന്‍റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. മേല്‍ച്ചുണ്ടിന്‍റെ ഇടതുവശത്തും കീഴ്ചുണ്ടിന്‍റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്‍റെ മുന്‍വശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.  ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലെ മുറിവുകള്‍ മരണശേഷം സംഭവിച്ചതാണെന്ന നിഗമനം മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍, ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിലെ മുറിവുകളെക്കുറിച്ച് വ്യക്തമാക്കാത്തത് ദുരൂഹമാണെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് ഒന്നും പറയാത്ത എഫ്‌ഐആറില്‍ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമത്തെ തുടര്‍ ന്നുള്ള ആത്മഹത്യയാണെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നതും ദുരൂഹതയുണ്ടാക്കിയിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കള്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മരണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ് ജിഷ്ണുവിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നതും സംശയമുണര്‍ത്തിയിട്ടുണ്ട്. ജിഷ്ണുവിന്‍റെ ശരീരത്തിലെ മര്‍ദ്ദനമേറ്റ പാടുകള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്‍റെ ബന്ധുക്കള്‍ പറഞ്ഞു.

Related posts