കോട്ടയം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളകേസ് അട്ടിമറിക്കുമെന്ന് കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി.
അന്വേഷണം ഇപ്പോള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവര്ക്കും മനസിലാകുന്നുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ വികസനമുന്നേറ്റ മധ്യമേഖലാ ജാഥയോടനുബന്ധിച്ച് കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം നടക്കുകയാണ്.
എല്‍ഡിഎഫിന് ഒന്നും മറയ്ക്കാനില്ല. കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന് പോറ്റിക്കൊപ്പം ഫോട്ടായില്‍ നിന്നവരെല്ലാംകുറ്റക്കാരാണെന്ന് പറയാനാവില്ല.ആന്റോ ആന്റണിക്കെതിരായ ആരോപണവും പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസിന്റെ തറവാട് ഇപ്പോള്‍ പി.ജെ. ജോസഫിന്റെയല്ല. എറണാകുളത്ത് കുമാരനാശാന് നഗറിലുള്ള ഒരാളുടെ പേരിലാണ് തറവാട്. അവര്‍ക്ക് കൂടുതല്‍ സംശയമുണ്ടെങ്കില്‍ ചോദിച്ചാല്‍ പറയാം. ജോസഫ് ഗ്രൂപ്പ് വരുന്നില്ലെങ്കില്‍ ക്ഷണം പിന്‍വലിക്കുന്നെന്നും ജോസ് കെ. മാണി പറഞ്ഞു.
കേന്ദ്രബജറ്റില്‍ കേരളത്തെപ്പറ്റി ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. നമ്മുടെ കാര്‍ഷികമേഖലയെ തകര്‍ക്കുന്ന തരത്തില്‍ വിദേശ നയം മാറുകയാണ്. ഇന്ത്യ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് ട്രംപാണ്. റബറിന്റെ ഇറക്കുമതിച്ചുങ്കം കര്ഷകര്ക്ക്അവകാശപ്പെട്ടതാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷം 7000 കോടിയോളം രൂപ ഇറക്കുമതിച്ചുങ്കമായി കിട്ടിയിട്ടുണ്ട്. ഇതില്‍നിന്നുള്ള വിഹിതം കേരളത്തിലെ കര്‍ഷകര്‍ക്ക് നല്കാനായാല് താങ്ങുവില 250 രൂപയായി ഉയര്‍ത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
