കോയമ്പത്തുർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഇന്ന് നടത്താനിരുന്ന തൃശൂർ സന്ദർശനം മാറ്റിവച്ചു. കല്യാൺ ജ്വല്ലേഴ്സിന്റെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് വിജയ് കേരളത്തിലെത്താനിരുന്നത്. കാലാവസ്ഥ മോശമായതാണ് ആഘോഷച്ചടങ്ങുകൾ നടക്കുന്ന തൃശൂരിലേക്കുള്ള യാത്ര മുടങ്ങാൻ കാരണം. കോയമ്പത്തൂരിൽനിന്നും ഹെലികോപ്റ്ററിൽ തൃശൂരിൽ ഇറങ്ങാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ കോയമ്പത്തൂരിൽ കനത്ത മഴ തുടരുന്നതിലാൽ ഹെലികോപ്റ്റർ യാത്ര സാധ്യമായില്ല.
തൃശൂരിലേക്കുള്ള ഹെലികോപ്റ്റർ യാത്ര റദ്ദാക്കിയ വിജയ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി. പിന്നീടൊരിക്കൽ വരാമെന്ന് വിജയ് ഉറപ്പുനൽകിയതായി ടി.എസ്. കല്യാണരാമൻ അറിയിച്ചു. കല്യാണിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നവരാത്രി ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പ്രമുഖരും എത്താറുണ്ട്.
