ആരാധകരുടെ ഇഷ്ടം തുണയാകുന്നു, ഹ്യൂമിനു പിന്നാലെ ഹോസുവും ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്താന്‍ സാധ്യത തെളിയുന്നു, താരവുമായി ക്ലബ് ചര്‍ച്ച തുടങ്ങി, പ്രതീക്ഷയര്‍പ്പിച്ച് ആരാധകര്‍

മലയാളികള്‍ സ്‌നേഹത്തോടെ ഹ്യൂമേട്ടന്‍ എന്നുവിളിച്ച ഇയാന്‍ ഹ്യൂം കേരള ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് തിരിച്ചെത്തിയതിനു പ്രധാന കാരണങ്ങളിലൊന്ന് ആരാധകരുടെ സമ്മര്‍ദമായിരുന്നു. പൂന സിറ്റി എഫ്‌സിയുമായുള്ള കരാര്‍ വേണ്ടെന്നുവച്ച് മഞ്ഞപ്പടയിലേക്ക് തിരിച്ചെത്താന്‍ ഹ്യൂമിനെ പ്രേരിപ്പിച്ചതും ഈ സ്‌നേഹം തന്നെയാണ്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് നാലാം സീസണിലേക്ക് കടക്കുമ്പോള്‍ ആരാധകരുടെ മറ്റൊരു താരം കൂടി ബ്ലാസ്‌റ്റേഴ്‌സ് നിരയിലേക്ക് മടങ്ങിയെത്തുമെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. മറ്റാരുമല്ല ഹോസു പ്രിറ്റോ എന്ന ഹോസൂട്ടന്‍ തന്നെ. താരവുമായി ക്ലബ് ചര്‍ച്ച തുടങ്ങിയതായിട്ടാണ് ലഭിക്കുന്ന സൂചന.

ഇപ്പോള്‍ അമേരിക്കന്‍ ലീഗിലാണ് ഹോസു കളിക്കുന്നത്. എഫ്‌സി സിന്‍സിനാട്ടിയുമായുള്ള കരാര്‍ ഒക്ടോബറോടെ അവസാനിക്കും. അതുകൊണ്ട് തന്നെ വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ തന്നെ ഹോസുവിന് കേരളത്തിലേക്ക് തിരിച്ചെത്താം. പുതിയ കോച്ച് റെനെ മ്യൂളസ്റ്റീനും ഈ സ്പാനിഷ് താരത്തെ തിരികെയെത്തിക്കുന്നതിനോട് താല്പര്യക്കുറവില്ല. മധ്യനിരയില്‍ വിയര്‍ത്തുകളിക്കുന്ന താരമാണെന്നതും പ്രായക്കുറവുമാണ് ഹോസുവിന് അനുകൂലഘടകങ്ങള്‍. റെനെയുടെ നിര്‍ദേശപ്രകാരമാണ് ഹോസുവുമായുള്ള ചര്‍ച്ചകള്‍ തുടങ്ങിയതെന്നാണ് സൂചന. ഹോസു തിരികെയെത്തിയേക്കുമെന്ന സൂചന ക്ലബ് സിഇഒ വരുണ്‍ ത്രിപുരനേനിയും നല്കിയിട്ടുണ്ട്. ആരാധകര്‍ക്ക് പ്രിയപ്പെട്ട കളിക്കാരെ അവരുടെ പ്രകടനം മികച്ചതാണെങ്കില്‍ ടീമിലെടുക്കണമെന്ന നിലപാടാണ് മാനേജ്‌മെന്റിനുള്ളത്.

കേരളത്തില്‍ നിന്നു മടങ്ങിയെങ്കിലും ആരാധകരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ ഹോസു ശ്രദ്ധിച്ചിരുന്നു. കഴിഞ്ഞദിവസം ഒരു സ്പാനിഷ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ഹോസു ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ പുകഴ്ത്തിയിരുന്നു. ഇത് വൈറലാകുകയും ചെയ്തു. ഇന്ത്യയിലെ തന്റെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഒരോ മത്സരവും കാണാന്‍ എണ്‍പത്തിയയ്യാരിത്തിലധികം കാണികള്‍ എത്തുമെന്നാണ് ഹോസു അഭിമുഖത്തില്‍ അവകാശപ്പെട്ടത്. കാണികളുടെ കണക്ക് കേട്ട അവതാരക അക്കാര്യം എടുത്തെത്തെടുത്ത് പറഞ്ഞ് തന്റെ ആശ്ചര്യം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്തായാലും ആരാധകര്‍ പ്രിയ ഹോസുവിന്റെ വരവില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ്.

Related posts