അഭിമുഖം നീണ്ടു നിന്നത് മൂന്നു മിനിറ്റ് മാത്രം ; ആകെ ചോദിച്ചത് ഒരേ ഒരു ചോദ്യവും; ഉയര്‍ന്ന യോഗ്യതകള്‍ ഉള്ള ജാസ്മിനെ ഒഴിവാക്കി കൊടും ക്രിമിനലായ പാര്‍ട്ടി നേതാവിനെ ബാലാവകാശ കമ്മീഷനില്‍ തിരുകി കയറ്റിയത് ഇങ്ങനെ…

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ അംഗങ്ങളെ നിയമിച്ചതില്‍ വകുപ്പ് മന്ത്രി കെകെ ഷൈലജ സ്വജനപക്ഷപാതം നടത്തിയെന്ന് കോടതി തന്നെ കണ്ടെത്തിയിരുന്നു. കോട്ടയം സ്വദേശി ജാസ്മിന്‍ അലക്്‌സ് നിയമ നടപടികളുമായി മുന്നോട്ടു പോയതോടെയാണ് സംഭവം വിവാദമായത്. അഭിമുഖത്തില്‍ ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും 300ല്‍ 75 മാര്‍ക്കില്‍ അവരെ ഒതുക്കുകയാണ് മന്ത്രിയും പിണിയാളുകളും ചെയ്തത്. മന്ത്രി ഉള്‍പ്പെട്ട അഭിമുഖം നടത്തുന്ന ബോര്‍ഡ് പക്ഷേ വെറും മൂന്ന് മിനിറ്റില്‍ താഴെ മാത്രമാണ് ജാസ്മിനോട് സംസാരിച്ചത്. ചോദിച്ചതാകട്ടെ വെറും ഒരു ചോദ്യവും. വയനാട് ജില്ലാ ബാലാവകാശ കമ്മിറ്റി അംഗത്തിനെതിരെ ക്രിമിനല്‍ കേസുകളുമുണ്ടായിരുന്നു ഇത് പോലും പരിഗണിക്കാതെ ഇയാളെ നിയമിക്കുകയും ചെയ്തിരുന്നു. കൃത്യമായ രീതിയില്‍ അപേക്ഷിച്ചിട്ടും ഒരു മറുപടിയും ഇല്ലാതിരുന്നപ്പോഴാണ് ജാസ്മിന്‍ കോടതിയെ സമീപിച്ചത്. പിന്നീട് അപേക്ഷ അയച്ചതിന്റെ അഭിമുഖത്തിന് ക്ഷണിച്ചപ്പോള്‍ തന്നെ പരാതി കൊടുത്തതിന്റെ നീരസം ബോര്‍ഡ് അംഗങ്ങളുടെ മുഖത്ത് വ്യക്തമായിരുന്നുവെന്നും ജാസ്മിന്‍ പറയുന്നു.

ആദ്യത്തെ അപേക്ഷയില്‍ വേണ്ടത്ര അപേക്ഷകരില്ലാത്തതിനാലാണ് രണ്ടാമത് അപേക്ഷ ക്ഷണിച്ചതെന്നാണ് കോടതിയില്‍ പറഞ്ഞത്. ഇതാണ് കോടതി സ്‌റ്റേ ചെയ്തതും. കോടതി സ്‌റ്റേ ചെയ്തിട്ടും നിയമനം നടത്തിയെന്ന് പറഞ്ഞാണ് ജാസ്മിന്‍ വീണ്ടും കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതി ഇക്കാര്യം ആരാഞ്ഞപ്പോള്‍ നിയമനങ്ങള്‍ എത്രയും വേഗം നടത്തണമെന്ന് സുപ്രീം കോടതി വിധിയുണ്ടായിരുന്നതിനെ തുടര്‍ന്നാണ് നിയമനം നടത്തിയതെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിച്ചത് തന്നെയാണ് തന്റെ വഴി മുടക്കിയതെന്നും ഉയര്‍ന്ന യോഗ്യതയുണ്ടായിട്ടും പിന്തള്ളപ്പെടാന്‍ മറ്റു കാരണങ്ങള്‍ കാണുന്നില്ലെന്നും അവരുടെ ഭര്‍ത്താവ് പറയുന്നു.

ചൈല്‍ഡ് റൈറ്റ് കമ്മീഷന്‍ ആക്ട് പ്രകാരം ഒരാളെ കമ്മീഷന്‍ അംഗമായി നിയമിക്കുന്നതിന് ചില മാനദണ്ഡങ്ങളുമുണ്ട്. ബാലാവകാശ വിഷയത്തില്‍ വലിയ പരിജ്ഞാനവും, അറിവും, കഴിവും പരിചയവും ഉള്ളവരെ നിയമിക്കണം എന്ന് ആക്ട്് 70 നിഷ്കര്‍ഷിക്കുമ്പോഴാണ് ഈ വിഷയത്തില്‍ പിഎച്ച്ഡി ഉള്ള ഒരു വ്യക്തിയെ ഒഴിവാക്കിയത് എന്നത് തന്നെ അഴിമതിക്കും സ്വന്തം ആളുകളെ തിരുകി കയറ്റാന്‍ ശ്രമിച്ചു എന്നതിനും വലിയ തെളിവാണ്. അഭിമുഖം നിശ്ചയിച്ച ആദ്യ ദിവസം തന്നെ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടത്തണം എന്നിരിക്കെ പൂര്‍ണമായും നടത്തിയതും അപ്രകാരമല്ല. ഏപ്രില്‍ മാസത്തിലായിരുന്നു അഭിമുഖം. രാവിലെ എത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയിരുന്നത്.

അഭിമുഖം ഉച്ചയ്ക്ക് ശേഷമായിരിക്കുമെന്നും രാവിലെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയായിരിക്കുമെന്നും വിവരം നല്‍കിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോട് പരിശോധന പൂര്‍ത്തിയാക്കിയ ശേഷം അഭിമുഖം ആരംഭിച്ചു. വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസും, ലോ സെക്രട്ടറി ഹരീന്ദ്രനാഥുമാണ് പങ്കെടുത്തത്. ക്യാബിനറ്റ് യോഗത്തിലായിരുന്നതിനാല്‍ മന്ത്രി എത്തിയിരുന്നില്ല. പിന്നീട് വൈകിട്ട് എത്തിയെങ്കിലും മലബാര്‍ എക്‌സ്‌പ്രെസില്‍ മന്ത്രിക്ക് വീട്ടിലേക്ക് പോകേണ്ട ആവശ്യമുള്ളതിനാല്‍ കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെയുള്ളവര്‍ നിന്നിട്ട് ബാക്കിയുള്ളവര്‍ക്ക് വേറൊരു ദിവസം അഭിമുഖം എന്നാണ് അറിയിച്ചതെന്നും പരാതിക്കാരി പറയുന്നു.

ബാക്കിയുള്ളവര്‍ക്ക് രണ്ടു ദിവസം കഴിഞ്ഞായിരുന്നു അഭിമുഖം. ആ ദിവസവും മന്ത്രി വൈകിയാണെത്തിയത്. കേസുമായി കോടതിയെ സമീപിച്ചയാളാണ് താന്‍ എന്ന് ബോര്‍ഡിലുള്ള എല്ലാവര്‍ക്കും അറിയാമായിരുന്നെന്ന് ജാസ്മിന്‍ പറയുന്നു.’ വാ ശരിയാക്കിത്തരാം’ എന്ന മുഖഭാവത്തിലായിരുന്നു അവരെല്ലാം.
പിന്നീട് വെറും മൂന്ന് മിനിറ്റില്‍ താഴെ മാത്രമാണ് തന്നോട് കാര്യങ്ങള്‍ തിരക്കിയതെന്നും പരാതിക്കാരി പറയുന്നു. പിന്നീട് നിയമിതരായ ആറു പേരുടേയും നിയമനം കോടതി തടഞ്ഞ് വെയ്ക്കുകയും ചെയ്തു. ഇവരുടെ യോഗ്യതഹാജരാക്കാനും കോടതി പറഞ്ഞപ്പോള്‍ വെറും മൂന്ന് പേര്‍ മാത്രമാണ് യോഗ്യത ഹാജരാക്കിയത്. ഇതില്‍ തന്നെ ഒരാള്‍ ഹാജരാക്കിയതാകട്ടെ വെല്‍ഡര്‍ ട്രേഡില്‍ അദ്ധ്യാപനായി ഐടിഐയില്‍ പഠിപ്പിക്കാനുള്ള യോഗ്യതയാണ്. ബാലാവകാശ കമ്മിറ്റി അംഗം എന്ന പരിചയവും ബാലാവകാശ കമ്മീഷന്‍ അംഗം എന്ന രീതിയിലുള്ള പ്രവര്‍ത്തനവും രണ്ടാണെന്നു അവര്‍ പറയുന്നു. ആദ്യം കരുതിയത് വലിയ യോഗ്യതയുള്ളവരാണ് പട്ടികയില്‍ ഇടം പിടിച്ചത് എന്നാണ്. എന്നാല്‍ പിന്നീടാണ് വാസ്തവം മനസ്സിലാക്കിയത്.

റിസര്‍ച്ച് ഗൈഡായി പരിശീലനം ഉള്‍പ്പടെ നേടിയ വ്യക്തിയാണ് ജാസ്മിന്‍ എന്നിരിക്കെയാണ് അനധികൃത നിയമനത്തിന് മന്ത്രി കൂട്ട് നിന്നത്.എന്ത് കാര്യത്തിനാണ് ഒരാളെ തെരഞ്ഞടെുക്കുന്നതെങ്കിലും ആ വിഷയത്തില്‍ ചില യോഗ്യതകള്‍ വേണമെന്നിരിക്കെയാണ് അപേക്ഷിച്ചതില്‍ ഏറ്റവും യോഗ്യതയുള്ളയാളെ പരിഗണിക്കാതിരുന്നത്. വിഷയത്തെക്കുറിച്ച് വലിയ അറിവുള്ള റിസര്‍ച്ച് നടത്തിയ ആളായിട്ടും വെറും മൂന്ന് മിനിറ്റ് മാത്രമാണ് ചോദ്യങ്ങളുണ്ടായിരുന്നത്.എല്‍എല്‍ബിയിലും എല്‍എല്‍എമ്മിലും റാങ്ക് ജേതാവ് കൂടിയാണ് ജാസ്മിന്‍. ബാലാവാകാശത്തില്‍ റിസര്‍ച്ചും നടത്തിയതില്‍ കൂടുതല്‍ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചെങ്കിലും ലോ സെക്രട്ടറി മാത്രമാണ് ഒരേയൊരു ചോദ്യം അവരോട് ചോദിച്ചത്.

കിട്ടുമെന്നോ ഇല്ലെന്നോ പ്രതീക്ഷിച്ചല്ല അവിടെ അഭിമുഖത്തിന് പോയത്. പിന്നെ ഞങ്ങള്‍ ആദ്യം അയച്ച് അപേക്ഷയില്‍ ഒരു വിവരവും ലഭിച്ചതുമില്ല. പിന്നെ രണ്ടാമത് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതിനാലാണ് കാര്യം അന്വേഷിച്ചത്. ആദ്യം അയച്ചത് പരിഗണിച്ചോ അതോ ഇല്ലയോ എന്നും വിവരം ലഭിച്ചിരുന്നില്ല. ലോ അദ്ധ്യാപിക കൂടിയായ അവര്‍ പിന്നീട് കാര്യങ്ങള്‍ ചെയ്യാനും വീണ്ടും അപേക്ഷ നല്‍കാനും കൂടി സമയം ഇല്ലാത്തതിനാലാണ് കോടതിയെ സമീപിച്ചത്. സര്‍വ്വീസ് ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട കാര്യത്തിലോ കേസിലോ മന്ത്രി രാജിവെക്കണമെന്ന ആവശ്യമോ അവരുമായി വ്യക്തിപരമായ പ്രശ്‌നങ്ങളോ ഇല്ല. നിയമം ശരിയായി പാലിക്കപ്പെട്ടാല്‍ മതിയെന്നേ തനിക്കുള്ളൂ എന്ന് ജാസ്മിന്‍ പറയുന്നു.

Related posts