പയ്യന്നൂര്‍: വിശ്രമ ജീവിതം നയിക്കുന്ന മുതിർന്ന സിപിഎം നേതാവ് സി.കെ.പി. പദ്മനാഭനെ കുഞ്ഞിമംഗലം തെക്കുന്പാട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരന് എംപി. കുഞ്ഞിമംഗലത്തെ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്തശേഷമാണ് സുധാകരന് മുന്‍ എംഎല്‍എയായിരുന്ന സി.കെ.പി. പദ്മനാഭനെ കാണാനെത്തിയത്.
സൂധാകരനെ കണ്ടയുടന്‍ അവശതകള്‍ മറന്ന സി.കെ.പി. സന്തോഷത്തോടെ കൈനീട്ടി സ്വീകരിച്ചു. രോഗ വിവരങ്ങളും സുഖാന്വേഷണങ്ങളുമായി സമയം ചെലവിടുന്നതിനിടെ തെരഞ്ഞെടുപ്പിന്റെ കൊടുംചൂടായിട്ടും രാഷ്ട്രീയത്തെ പൂർണമായും മാറ്റി നിർത്തിയായിരുന്നു ഇരുവരുടെയും സംഭാഷണം.
രാഷ്ട്രീയമായി രണ്ടു ധ്രുവങ്ങളിലാണെങ്കിലും വ്യക്തിപരമായും എംഎൽഎയായിരുന്നപ്പോഴും ഏറെക്കാലത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് സി.കെ.പി. പദ്മനാഭനെന്നും സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നതിനാലാണ് കാണാനെത്തിയതെന്നും കെ. സുധാകരൻ എംപി പറഞ്ഞു.
