രാജ്യസ്‌നേഹം! എം.ടി. ഹിമാലയ തുല്യനും കമല്‍ രാജ്യസ്‌നേഹിയുമാണെന്ന് സി.കെ. പത്മനാഭന്‍; തീവ്രനിലപാടുകാരും മിതവാദികളും കൊമ്പുകോര്‍ക്കുന്നു

സ്വന്തംലേഖകന്‍
kamal
കോഴിക്കോട്: എ.എന്‍. രാധാകൃഷ്ണന്‍ തൊടുത്തവിട്ട പ്രസ്താവന  ബിജെപിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്യവാഗ്വാദത്തിന് വഴിയൊരുക്കുന്നു. സംവിധായകന്‍ കമല്‍ രാജ്യംവിടണമെന്ന രാധാകൃഷ്ണന്‍റെ പ്രസ്താവനയെ  പൂര്‍ണമായും തള്ളി സി.കെ.പത്മനാഭന്‍ രംഗത്തെത്തിയതോടെ ഈ വിഷയത്തില്‍ പാര്‍ട്ടിയിലെ മിതവാദികളും തീവ്രനിലപാടുകാരും പരസ്പരം കൊന്പുകോര്‍ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.

എം.ടി. ഹിമാലയ തുല്യനും കമല്‍ രാജ്യസ്‌നേഹിയുമാണെന്ന് ബിജെപി മുന്‍ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ സംസ്ഥാന പ്രസിഡന്‍റുമായ സി.കെ. പത്മനാഭന്‍ കൈരളി ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞെന്ന വാര്‍ത്തയാണ് വിവാദം കൊഴുപ്പിച്ചിരിക്കുന്നത്. സംവിധായകന്‍ കമല്‍ പാക്കിസ്ഥാനിലേക്കു പോകണമെന്നത് എ.എന്‍. രാധാകൃഷ്ണന്‍റെ വ്യക്തിപരമായ വികാരപ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു.

റിപ്പോര്‍ട്ടില്‍നിന്ന്:

രാജ്യസ്‌നേഹത്തില്‍ അധിഷ്ഠിതമാണ് കമലിന്‍റെ ചലച്ചിത്രങ്ങള്‍. കമലിന്‍റെ രാജ്യസ്‌നേഹത്തെ  ആരും ചോദ്യം ചെയ്യേണ്ടതില്ല. പാക്കിസ്ഥാനിലേക്കു പോകണമെന്നു പറയുന്നത് ശരിയായ നിലപാടല്ല. ഒരാളോടു പാക്കിസ്ഥാനിലേക്കു പോകണമെന്നു പറയാന്‍ ആര്‍ക്കും അവകാശമില്ല. കേന്ദ്രസര്‍ക്കാരിന്‍റെ  നോട്ട് അസാധുവാക്കല്‍ നടപടിയെ തുഗ്ലക് പരിഷ്കാരത്തോട് ഉപമിച്ച എം.ടിയെ എതിര്‍ക്കാന്‍ ബിജെപി നേതാക്കള്‍ക്ക് അര്‍ഹതയില്ല. ഹിമാലയത്തിനു തുല്യനാണ് എം.ടി. വാസുദേവന്‍ നായര്‍. എം.ടി.യെ കല്ലെറിഞ്ഞ് ആത്മസംതൃപ്തി നേടാനാണ് ചിലര്‍ ശ്രമിക്കുന്നത്. ചെ ഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം.

ബിജെപിയുടെ കള്ളപ്പണ പ്രചാരണ ജാഥ ഉദ്ദേശത്തില്‍നിന്നു വഴിമാറി.’പരസ്യപ്രസ്താവനകള്‍ നേതാക്കള്‍ തമ്മിലുളള പോര്‍മുഖത്തിലേക്ക് കടന്നതോടെ  പാര്‍ട്ടി സംസ്ഥാനഅധ്യക്ഷന്‍കുമ്മനംരാജശേഖരന്‍ തന്നെഇടപെട്ട് പ്രസ്താവനകള്‍ വിലക്കിയിരിക്കുകയാണ്. വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ പരസ്യപ്രസ്താവനകള്‍ അരുതെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ രണ്ടഭിപ്രായം പ്രകടിപ്പിച്ചെങ്കിലും പത്മനാഭനും രാധാകൃഷ്ണനും തമ്മില്‍ ഫോണില്‍ സംസാരിച്ചതായും ബിജെപി വൃത്തങ്ങളില്‍ നിന്നും അറിയുന്നു. എന്നാല്‍ ഇരുനേതാക്കളുടെയും ചുവടുപിടിച്ച് പാര്‍ട്ടിക്കുള്ളില്‍ ചുടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം, ശോഭാസുരേന്ദ്രന്‍, കെ.സുരേന്ദ്രന്‍ തുടങ്ങിയ തീവ്ര നിലപാടുള്ളവര്‍ ഒരു ഭാഗത്തും സികെപി, വി.മുരളീധരന്‍, ഒ.രാജഗാപാല്‍ തുടങ്ങിയവര്‍ മറുഭാഗത്തുമാണ് ഈ വിഷയത്തില്‍ നിലകൊണ്ടിരിക്കുന്നത്. ആദ്യം എംടിക്കെതിരേയും പിന്നീട് സംവിധായകന്‍ കമലിനെതിരേയും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച രാധാകൃഷ്ണന്‍റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ആരും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. താന്‍ഈ പ്രസ്താവന കേട്ടിട്ടില്ലെന്നായിരുന്നു  മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍റെ  നിലപാട്. രാധാകൃഷ്ണന്‍ ശശികലയുടെ പിന്‍ഗാമിയാകാന്‍ ശ്രമിക്കുകയാണോ എന്ന ചോദ്യത്തോടും നീരസത്തോടെയായിരുന്നു മുരളീധരന്‍റെ പ്രതികരണം. എന്തായാലും പരസ്യപ്രസ്താവനകള്‍ പാര്‍ട്ടി നേതൃത്വം വിലക്കിയിരിക്കുന്ന പശ്ചാത്തലത്തില്‍  തുടര്‍ ചര്‍ച്ചകള്‍ എതുരീതിയിലായിരിക്കും പാര്‍ട്ടിക്കുള്ളില്‍ നടക്കുക എന്നതാണ് രാഷ്ട്രീയ നീരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

Related posts