സംസ്ഥാനത്ത്   അഞ്ചു ജില്ലകളിൽ  കനത്ത മഴ; ഇടുക്കിയിൽ ജലനിരപ്പ് ഉയർന്നു; അടുത്ത രണ്ടു ദിവസം കൂടി  മഴ  തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കോട്ടയം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ പെയ്തു തുടങ്ങി. കഴിഞ്ഞ രാത്രി മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയാണ് പെയ്യുന്നത്. കോട്ടയം, ഇടുക്കി, ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്.

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മധ്യകേരളത്തിൽ മഴ കനത്തത്. ഇതോടെ ജലാശയങ്ങളിൽ താഴ്ന്നു തുടങ്ങിയിരുന്ന ജലനിരപ്പ് വീണ്ടും ഉയർന്നു. ഇടുക്കി ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയ പെയ്തതിനാൽ ഡാമിൽ ജലനിരപ്പ് ഉയർന്നു. 2,396.86 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. 2,398 അടിയിൽ ജലനിരപ്പ് എത്തിയാൽ ട്രയൽ റണ്‍ നടത്തുമെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനുള്ള ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിരുന്നു.

കോഴിക്കോട്ടും കണ്ണൂരിലെ മലയോര മേഖലകളിലും കനത്ത മഴയാണ് പെയ്യുന്നത്. കണ്ണൂരിലെ ആറിടങ്ങളിൽ ഉരുൾപൊട്ടലും ഉണ്ടായി. വടക്കൻ മലബാറിലെ ഡാമുകളില്ലെല്ലാം ജലനിരപ്പ് വീണ്ടും ഉയർന്നു. ബാണാസുരസാഗർ ഡാം രാവിലെ തുറന്നുവിട്ടു. വയനാട് ജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ജലനിരപ്പ് ഉയർന്നതിനാൽ മലങ്കര അണക്കെട്ടിന്‍റെ ഷട്ടർ 50 മീറ്റർ വരെ ഉയർത്തി. പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാൽ മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത രണ്ടു ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Related posts