മറയൂർ: ആഡംബര കാറിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച മൂന്നു കോളജ് വിദ്യാർഥികൾ പിടിയിൽ. പഴനി- ശബരിമല തീർഥാടന പാതയിൽ മറയൂരിനുസമീപം ചിന്നാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കാറിന്റെ ബോണറ്റിൽനിന്ന് 560 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.
തമിഴ്നാട്ടിലെ ഉദുമലപേട്ടയിൽനിന്നു കഞ്ചാവ് വാങ്ങി കോതമംഗലത്തേക്കു വരുന്ന വഴിക്കാണ് കോതമംഗലം ആർട്സ് ആൻഡ് സയൻസ് കോളജിലെ മുഹമ്മദ് ഹാഷിസ്(19), മോബി വർഗീസ്(19), സുഹൃത്ത് സുഹൈൽ ഇസ്മെയിൽ (19) എന്നിവർ പിടിയിലായത്.
അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ചെറുപൊതികളിലാക്കി ഇരുപതിനായിരം രൂപയ്ക്കാണു കോളജിൽ വിൽപന നടത്തുന്നതെന്ന് ഇവർ പറഞ്ഞു. ചിന്നാർ ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.