കൊല്ലം: കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന യാഥാസ്ഥിതിക കാഴ്ചപ്പാടോടുകൂടിയതാണെന്നും അതിനോട് സമൂഹം വിയോജിക്കുന്നുണ്ടെന്നും മന്ത്രി ഷിബു ബേബി ജോൺ. കൊല്ലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശയങ്ങളുടെയും അഭിപ്രായങ്ങളുടെയും കാര്യത്തിൽ ഏവർക്കും അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി കാന്തപുരത്തിന് അഭിപ്രായ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ അദ്ദേഹത്തിന്റെ പ്രസ്താവനകളെ യുക്തിസഹമെന്ന് കാണാത്തവർക്ക് അതിനെതിരെ പ്രതികരിക്കാനും അവകാശമുണ്ടെന്ന് കൂട്ടിച്ചേർത്തു.
എല്ലാവർക്കും അവരവരുടെ ആശയങ്ങൾ പറയാൻ അവകാശമുണ്ട്. അതിനെ എതിർക്കുന്നവരുടെ പ്രതികരണങ്ങളെയും തള്ളിക്കളയാനാകില്ല. യാഥാസ്ഥിതിക ചിന്താഗതിയും പുരോഗമന ചിന്താഗതിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല; ഇത് കാലങ്ങളായി തുടരുന്ന ഒന്നാണ്. ആശയപരമായ ആരോഗ്യകരമായ സംവാദങ്ങളാണ് എക്കാലത്തും മനുഷ്യരാശിയെ പുരോഗതിയിലേക്ക് നയിച്ചിട്ടുള്ളത്.
