ഉത്തർപ്രദേശിലെ ബല്ലിയയിൽ ഏഴ് വയസ്സുകാരി രഗിണിയുടെ നിശ്ചയദാർഢ്യത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ട രഗിണി, പഠിക്കണമെന്ന അടങ്ങാത്ത ആഗ്രഹത്താൽ 400 മീറ്ററോളം ദൂരം ഒറ്റക്കാലിൽ തുള്ളിയാണ് ദിവസവും സ്കൂളിലെത്തുന്നത്.
ആറു മാസം പ്രായമുള്ളപ്പോൾ സംഭവിച്ച അപകടത്തിലാണ് രഗിണിക്ക് ഒരു കാൽ നഷ്ടമായത്. ചികിത്സിക്കാൻ പണമില്ലാത്തതിനെ തുടർന്ന് പിന്നീട് കാൽ മാറ്റിവെക്കാനോ കൃത്രിമക്കാൽ വെക്കാനോ സാധിച്ചില്ല. എന്നാൽ, പ്രദേശത്തെ മറ്റ് കുട്ടികൾ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോൾ രഗിണിയും പഠിക്കണമെന്ന് കരഞ്ഞു പറഞ്ഞതോടെയാണ് കുടുംബം അവളെ സ്കൂളിൽ അയക്കാൻ തുടങ്ങിയത്.
തനിക്ക് സ്കൂളിൽ പോകാൻ ഒരു ട്രൈസൈക്കിൾ അനുവദിച്ചു നൽകണമെന്ന് ജില്ലാ കളക്ടറോട് രഗിണി നടത്തിയ വൈകാരികമായ അഭ്യർത്ഥന സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ശ്രദ്ധിക്കപ്പെട്ടു.
രഗിണിയുടെ കുടുംബത്തിന് 26,500 രൂപയുടെ സാമ്പത്തിക സഹായം നൽകുകയും, കുട്ടിക്ക് സ്കൂളിൽ പോകാനായി ഒരു ട്രൈസൈക്കിൾ നേരിട്ട് വീട്ടിലെത്തിച്ചു നൽകുകയും ചെയ്തു. ഇതോടൊപ്പം കൂടുതൽ സഹായങ്ങൾ നൽകാമെന്ന് എംപി ഉറപ്പുനൽകിയിട്ടുണ്ട്.
