ആ രംഗത്തില്‍ അഭിനയിച്ചപ്പോള്‍ സ്ത്രീയെന്ന നിലയ്ക്ക് എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല! ഇഷ്ടമില്ലായിരുന്നെങ്കില്‍ ആ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കില്ലായിരുന്നു; വിവാദങ്ങളെക്കുറിച്ച് കസബയിലെ നടിയ്ക്ക് പറയാനുള്ളതിത്

മമ്മൂട്ടി ചിത്രമായ കസബയുമായി ബന്ധപ്പെട്ട് നടി പാര്‍വതി തുടക്കമിട്ട വിവാദങ്ങളില്‍ പ്രതികരണവുമായി കസബയില്‍ മമ്മൂട്ടിയ്‌ക്കൊപ്പമഭിനയിച്ച നടി ജ്യോതി രംഗത്ത്. മമ്മൂട്ടിയും താനും അഭിനയിച്ച ആ രംഗത്തില്‍ എന്താണ് കുഴപ്പമെന്ന് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ ഉത്തരാഖണ്ഡ് നടിയായ ജ്യോതി ചോദിച്ചു. മലയാളം അറിയില്ലെങ്കിലും മലയാള സിനിമ കാണാറില്ലെങ്കിലും ഇവിടെ നടക്കുന്ന കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും ജ്യോതി പറഞ്ഞു.

ജ്യോതിയുടെ വാക്കുകള്‍ ഇങ്ങനെ…

ചിത്രത്തെ സംബന്ധിച്ച് ചില സംഭവവികാസങ്ങളും വിവാദങ്ങളും ഉണ്ടായതായി സുഹൃത്തുക്കള്‍ പറഞ്ഞ് അറിഞ്ഞു. എനിക്ക് മലയാളം അറിയില്ല. മലയാള സിനിമകള്‍ കാണാറുമില്ല. പക്ഷേ മലയാളി സുഹൃത്തുക്കളുണ്ട്. അവരാണ് ഇതേക്കുറിച്ച് എന്നോട് പറഞ്ഞത്. സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്നം. ഇതൊക്കെ സമൂഹത്തില്‍ നടക്കുന്നതാണ്. ഒരു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ? കസബയിലെ ആ രംഗം യഥാര്‍ഥ ജീവിതത്തില്‍ എത്രയോ പേര്‍ അനുഭവിച്ചു കാണും. സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയില്‍ കാണിക്കേണ്ടേ? നല്ലതു മാത്രം തിരഞ്ഞു പിടിച്ചു കാണിക്കുന്നതാണോ സിനിമ?

കസബയിലെ ആ കഥാപാത്രം അത്തരത്തിലുള്ള ഒരാളാണ്. എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങള്‍ രാജന്‍ സക്കറിയയ്ക്കുമുണ്ട്. അതു മനസ്സിലാക്കി കണ്ടാല്‍ ആ സിനിമയ്ക്കോ രംഗത്തിനോ ഒരു കുഴപ്പവുമുള്ളതായി തോന്നില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ ഒരു നടി എന്നോ സ്ത്രീ എന്നോ ഉള്ള നിലയില്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇഷ്ടമില്ലെങ്കില്‍ ഞാന്‍ അങ്ങനെയൊരു രംഗത്തില്‍ അഭിനയിക്കില്ല. ആ രംഗത്തില്‍ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല.

ഞങ്ങള്‍ അഭിനേതാക്കളാണ്. സംവിധായകന്‍ എന്തു പറഞ്ഞു തരുന്നോ അത് അഭിനയിക്കുകയെന്നതാണ് ഞങ്ങളുടെ ചുമതല. ഈ സിനിമയില്‍ മാത്രമല്ല ഇങ്ങനെയുള്ള രംഗങ്ങളുള്ളത്. എത്രയോ ബോളിവുഡ് സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെ ഇത്തരത്തിലുള്ള എത്ര റോളുകള്‍ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവര്‍ അതൊന്നും കാണുന്നില്ലേ? വിമര്‍ശിക്കേണ്ടവര്‍ക്ക് വിമര്‍ശിക്കാം. പക്ഷേ എന്തടിസ്ഥാനത്തിലാണ് അവര്‍ വിമര്‍ശനമുന്നയിക്കുന്നത്? നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സിനിമയില്‍ വരും. എല്ലാത്തിനെയും സഹിഷ്ണതയോടെ കാണുക. മനസ്സിലാക്കുക.

 

 

Related posts